ആചാരങ്ങള്‍ പാലിച്ചു, സംഘര്‍ഷങ്ങളില്ല; ഒടുവില്‍ ശബരിമലയില്‍ ദര്‍ശനം നടത്തി രഞ്ജുവും അനന്യയും സംഘവും

ആശങ്കകള്‍ക്കും ചര്‍ച്ചകള്‍ക്കും പിന്നാലെ പോലീസ് അനുമതി ലഭിച്ചതോടെ ശബരിമലയില്‍ ആചാരങ്ങള്‍ പാലിച്ച് ട്രാന്‍സ്‌ജെന്‍ഡറുകള്‍ ദര്‍ശനം നടത്തി.

പത്തനംതിട്ട: ആശങ്കകള്‍ക്കും ചര്‍ച്ചകള്‍ക്കും പിന്നാലെ പോലീസ് അനുമതി ലഭിച്ചതോടെ ശബരിമലയില്‍ ആചാരങ്ങള്‍ പാലിച്ച് ട്രാന്‍സ്‌ജെന്‍ഡറുകള്‍ ദര്‍ശനം നടത്തി. പോലീസ് അകമ്പടിയിലായിരുന്നു ഇവര്‍ മല കയറിയത്. സുരക്ഷാ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല.

അയ്യപ്പദര്‍ശനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഇവര്‍ പ്രതിരിച്ചു. അല്‍പസമയത്തിനകം ഇവര്‍ മലയിറങ്ങും. തിരുവനന്തപുരത്ത് നിന്ന് ഇന്ന് രാവിലെ നാലു മണിയോടെയാണ് ശബരിമല ദര്‍ശനം നടത്താന്‍ നാലംഗ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പുറപ്പെട്ടത്. സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ഇവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും പോലീസ് അറിയിച്ചിരുന്നു.

രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി ഇന്നിവരാണ് ഇന്ന് പോലീസ് സുരക്ഷയില്‍ ദര്‍ശനത്തിനെത്തിയത്. ഹൈക്കോടതി നിരീക്ഷണ സമിതി ദര്‍ശനത്തിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് ഇവര്‍ ദര്‍ശനത്തിനെത്തുന്നത്.

കഴിഞ്ഞ ദിവസം ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സംഘത്തെ എരുമേലിയില്‍ വെച്ച് പോലീസ് തിരിച്ചയച്ചത് വിവാദമായിരുന്നു. സാരി ഉടുത്ത് ശബരിമല കയറുന്നത് പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും അതിനാല്‍ പുരുഷന്മാരുടെ വസ്ത്രം ധരിക്കണമെന്നുമായിരുന്നു എരുമേലി പോലീസിന്റെ നിലപാട്. ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഇവരെ തിരിച്ചയച്ചത്. പോലീസ് നടപടിയില്‍ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.ശബരിമലയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പ്രവേശിക്കുന്നതിനു തടസമില്ലെന്നു തന്ത്രി കണ്ഠരര് രാജീവരും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് അനുമതി നല്‍കിയത്.

Exit mobile version