കടയില്‍ കയറാന്‍ ക്ഷണക്കത്ത് വേണം, എന്നാല്‍ അച്ചടിക്ക് കടയില്ല; മാര്‍ഗനിര്‍ദേശത്തില്‍ ആശയക്കുഴപ്പം

തിരുവനന്തപുരം: പുതുക്കിയ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യാപക ആശയക്കുഴപ്പമെന്ന് പരാതി. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തിലാണ് ആശയകുഴപ്പം ഉണ്ടെന്ന പരാതി ഉയരുന്നത്.

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യുന്നതിന്റെ ഭാഗമായി ചെരിപ്പ്കട, ജ്വല്ലറി, വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ വിവാഹ ക്ഷണക്കത്ത് ഉള്ളവരെ മാത്രമേ കടയില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളൂവെന്നാണ് ഉത്തരവ്.

ഈ ഉത്തരവാണ് ആശയ കുഴപ്പം സൃഷ്ടിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ ആകെ 20 പേര്‍ക്ക് മാത്രമെ അനുമതിയുള്ളൂ. അടുത്ത ബന്ധുക്കള്‍ മാത്രമാകും ഇത്തരം വിവാഹങ്ങളില്‍ പങ്കെടുക്കുന്നതും. ഇതിനായി ആരും കത്തടിക്കാറുമില്ല. കൂടാതെ കത്ത് പ്രിന്റ് ചെയ്യാന്‍ കടയില്‍ ചെന്നാല്‍ കട തുറക്കുന്നില്ലെന്നാണ് പരാതി. കാരണം അച്ചടി സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതിയില്ല.

കൂടാതെ സ്റ്റേഷനറി കടകള്‍ തുറക്കാന്‍ പാടില്ല എന്ന നിര്‍ദേശത്തിലും ആശയക്കുഴപ്പമുണ്ട്. ചില സ്റ്റേഷനറി കടകളില്‍ പല വ്യഞ്ജനങ്ങളും വില്‍ക്കുന്നുണ്ട്. അതിനാല്‍ ഇത്തരം കടകള്‍ തുറക്കുന്നത് സംബന്ധിച്ച അവ്യക്തതയും നിലനില്‍ക്കുകയാണ്. തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ ഈ നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

Exit mobile version