ഹരിപ്പാട് അപകടം; കാറില്‍ സഞ്ചരിച്ചിരുന്നത് ക്രിമിനല്‍ കേസിലെ പ്രതികളും കുടുംബവും, അപകടത്തില്‍ തകര്‍ന്ന കാറില്‍ നിന്നും കഞ്ചാവും കത്തിയും കണ്ടെടുത്തു

Harippad car accident | Bignewslive

ആലപ്പുഴ: ദേശീയപാത ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയില്‍ അപകടത്തില്‍പ്പെട്ട കാറില്‍ സഞ്ചരിച്ചിരുന്നത് ക്രിമിനല്‍ കേസിലെ പ്രതികളും കുടുംബവുമെന്ന് പോലീസ്. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന കാറില്‍ നിന്ന് കഞ്ചാവും കത്തിയും പോലീസ് കണ്ടെടുക്കുകയും ചെയ്തു.

കാറിലുണ്ടായിരുന്ന രണ്ടു പേര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും കാപ്പ നിയമപ്രകാരം നാടു കടത്തിയവരാണെന്നും പോലീസ് പറഞ്ഞു. അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അപകടത്തില്‍പ്പെട്ടവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. മരിച്ച റിയാസും പരിക്കേറ്റ അന്‍ഷിഫും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.

ഇരുവര്‍ക്കുമെതിരേ കാപ്പ ചുമത്തിയിട്ടുമുണ്ട്. അതിനാല്‍ രണ്ടു പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കും നിലനില്‍ക്കുന്നുണ്ട്. ഇരുവരും കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പരിക്കേറ്റ അന്‍ഷിഫിന്റെ ഭാര്യയാണ് ഐഷ ഫാത്തിമ. ഇവരുടെ മകനാണ് അഞ്ചു വയസ്സുകാരനായ ബിലാല്‍. അപകടത്തില്‍ മരിച്ച ഉണ്ണിക്കുട്ടന്‍ കൊട്ടാരക്കര സ്വദേശിയാണ്. അപകടത്തെക്കുറിച്ചും മറ്റും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

ശനിയാഴ്ച പുലര്‍ച്ചെ നങ്ങ്യാര്‍കുളങ്ങര കവലയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ കാറിലെ യാത്രക്കാരായ കായംകുളം സ്വദേശി സെമീന മന്‍സിലില്‍ റിയാസ്(26), ഐഷ ഫാത്തിമ(25), ബിലാല്‍(5), ഉണ്ണിക്കുട്ടന്‍ എന്നിവരാണ് ദാരുണമായി മരിച്ചത്. കാറിലുണ്ടായിരുന്ന അജ്മി, അന്‍ഷിഫ് എന്നിവരെ ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ അഗ്‌നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തത്. ലോറി ഡ്രൈവര്‍ക്കും സഹായിക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. അപകടത്തിന് കാരണം കനത്ത മഴയും അമിതവേഗവുമാണെന്നാണ് വിവരം.

Exit mobile version