പതുങ്ങിയിരുന്ന് ഒടിയന്റെ പോസ്റ്റര്‍ കീറുന്ന യുവാവ്; യുവാവിനെതിരെ പ്രതിഷേധം രൂക്ഷം, വീഡിയോ

കൊച്ചി: വമ്പന്‍ പ്രതീക്ഷകളുമായെത്തിയ മോഹന്‍ലാലിന്റെ മാസ് ചിത്രം ഒടിയനെതിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയിലും പുറത്തും ഉയരുന്നത്. സംഘടിത ആക്രമണമാണ് നടക്കുന്നതെന്ന് കാട്ടി ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തിനെതിരെ വ്യാപകമായ സൈബര്‍ ആക്രമണം നടക്കുകയാണെന്നും എല്ലാം ആസൂത്രിതമാണെന്നും മഞ്ജു വാര്യരോടുളള ദേഷ്യം ചിത്രത്തോട് തീര്‍ക്കുകയാണെന്നും ശ്രീകുമാര്‍മേനോന്‍ പരാതിപ്പെട്ടിരുന്നു.

നരസിംഹത്തിന് ദേവാസുരത്തില്‍ ഉണ്ടായ മകനാണ് ഒടിയന്‍ എന്ന് അമിത പ്രതീക്ഷകള്‍ തന്ന് ശ്രീകുമാര്‍ മേനോന്‍ വഞ്ചിക്കുകയായിരുന്നുവെന്ന് ആരാധകരും പറയുന്നു. മോഹന്‍ലാലിന്റെ മാസ് ചിത്രം പ്രതീക്ഷിച്ച് തീയേറ്ററിലെത്തി നിരാശരായവരാണ് ചിത്രത്തിനെതിരെ തിരിഞ്ഞതെന്നും സമൂഹമാധ്യമങ്ങള്‍ വിധിയെഴുതുന്നു.

അതേസമയം, ഒടിയന്റെ പോസ്റ്റര്‍ കീറി നശിപ്പിക്കുന്ന ഒരു യുവാവിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. റോഡരികില്‍ പതിപ്പിച്ചിരിക്കുന്ന വലിയ പോസ്റ്റര്‍ വലിച്ചു കീറുന്ന യുവാവിന്റെ വിഡീയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ആരെങ്കിലും വരുന്നുണ്ടോയെന്ന് പേടിയോടെ ഇയാള്‍ നോക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

‘ആ പോസ്റ്റര്‍ കീറുമ്പോള്‍ നിന്റെ മുഖത്തുളള പേടിയുണ്ടല്ലോ അതാണ് മോഹന്‍ലാല്‍’ എന്ന ശീര്‍ഷകത്തോടെ ഫാന്‍സ്‌പേജുകളിലും സമൂഹമാധ്യമങ്ങളിലും ഈ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇയാള്‍ക്കെതിരെ വ്യാപകമായ ആക്രമണത്തിനും ആഹ്വാനമുണ്ട്. ഒടിയനെതിരെ ആസൂത്രിതമായ ആക്രമണം നടക്കുകയാണെന്നും മോഹന്‍ലാലിന്റെ പടം മുന്‍പും പരാജയപ്പെട്ടിട്ടുണ്ടെന്നും സംവിധായകനെതിരെ ഇത്തരത്തില്‍ ആക്രമണം നടക്കുന്നത് ആദ്യമാണെന്നും ശ്രീകുമാര്‍ മേനോന്റെ അനുഭാവികളും പറയുന്നു.

Exit mobile version