വനിതാ മതിലിന് എന്ത് രാഷ്ട്രീയമാണുള്ളതെന്ന് മഞ്ജു വ്യക്തമാക്കണം; മേഴ്‌സിക്കുട്ടിയമ്മ

മഞ്ജു വാര്യരെ കണ്ടുകൊണ്ടല്ല വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലില്‍ നിന്ന് പിന്മാറിയ മഞ്ജു വാര്യര്‍ക്കെതിരെ പ്രതികരണവുമായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. മഞ്ജു വാര്യരെ കണ്ടുകൊണ്ടല്ല വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

വനിതാ മതിലിന് എന്ത് രാഷ്ട്രീയമാണുള്ളതെന്ന് മഞ്ജു വ്യക്തമാക്കണമെന്നും അവര്‍ പറഞ്ഞു. അതേസമയം മഞ്ജു വാര്യരുടെ പിന്മാറ്റം വനിതാ മതിലിനെ ബാധിക്കില്ലെന്ന് മന്ത്രി എം എം മണി മലപ്പുറത്ത് പറഞ്ഞു.

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന മുദ്രാവാക്യവുമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ പരിപാടിക്കുള്ള പിന്തുണ നടി മഞ്ജു വാര്യര്‍ പിന്‍വലിച്ചിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ ഒട്ടേറെ പരിപാടികളോട് സഹകരിച്ചിട്ടുണ്ടെന്നും എന്നാല്‍ വനിതാ മതിലിന് ഇതിനോടകം ഒരു രാഷ്ട്രീയ നിറം കൈവന്നിട്ടുണ്ടെന്നും വ്യക്തമാക്കിയാണ് മഞ്ജു പിന്തുണ പിന്‍വലിച്ചത്.

കൊടികളുടെ നിറത്തില്‍ വ്യാഖ്യാനിക്കുന്ന രാഷ്ട്രീയം തനിക്കില്ലെന്നും അത്തരം പരിപാടികളില്‍ നിന്ന് മാറി നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നം മഞ്ജു വിശദമാക്കി. ആ നിലപാട് തന്നെയാണ് വനിതാ മതിലിന്റെ കാര്യത്തിലെന്നും മഞ്ജു വാര്യര്‍ പിന്തുണ പിന്‍വലിച്ചുകൊണ്ട് വിശദമാക്കിയത്.

Exit mobile version