രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ലഭിക്കാന്‍ വേണ്ടിയാണ് കോടതിയെ സമീപിച്ചത്,അത് തിരികെ ലഭിച്ചതിനു ശേഷം സിനിമയുടെ ഭാവി പദ്ധതികളെക്കുറിച്ച് എന്റെ അച്ഛന്‍ തന്നെ നിങ്ങളെ നേരിട്ട് അറിയിക്കും; എംടിയുടെ മകള്‍

തിരുവനന്തപുരം: രണ്ടാമൂഴം എന്ന സിനിമയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ധാരാളം ചോദ്യങ്ങള്‍ എംടി വാസുദേവന്‍ നായരോടും അദ്ദേഹത്തോട് ബന്ധപ്പെട്ടവരോടും ചോദിക്കുന്നുണ്ട്. എന്നാല്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്ന വിഷയമായതിനാല്‍ അതിനോട് ഇപ്പോള്‍ പ്രതികരിക്കുന്നത് ശരിയല്ലെന്ന് എംടിയുടെ മകള്‍ അശ്വതി നായര്‍.

‘രണ്ടാമൂഴത്തിന്റെ തിരക്കഥ എന്റെ അച്ഛന് തിരികെ ലഭിക്കാന്‍ വേണ്ടിയാണ് കോടതിയെ സമീപിച്ചത്. തിരക്കഥ തിരികെ ലഭിച്ചതിനു ശേഷം രണ്ടാമൂഴം സിനിമയുടെ ഭാവി പദ്ധതികളെക്കുറിച്ച്, അത് ആര് ചെയ്യും എങ്ങനെ അവതരിപ്പിക്കും എന്നൊക്കെ അച്ഛന്‍ തന്നെ നിങ്ങളെ നേരിട്ട് അറിയിക്കുന്നതായിരിക്കുമെന്നു’ അശ്വതി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘പത്ര മാധ്യമങ്ങളിലും ഇന്റര്‍നെറ്റ് മാധ്യമങ്ങളിലും രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് ധാരാളം പരാമര്‍ശങ്ങളും ചര്‍ച്ചകളും നടക്കുന്നതിനെ തുടര്‍ന്ന് ഫോണ്‍ലൂടെയും നേരിട്ടും നിരവധി പേര്‍ ഞങ്ങളുടെ അഭിപ്രായം ആരായുന്നുണ്ട്. എന്നാല്‍ ബഹുമാനപ്പെട്ട കോടതിയില്‍ കേസ് നില നില്‍ക്കുന്ന ഒരു വിഷയത്തില്‍ ഞങ്ങള്‍ എന്ത് അഭിപ്രായം പറയുന്നതും ശരിയല്ല. രണ്ടാമൂഴത്തിന്റെ തിരക്കഥ എന്റെ അച്ഛന്‍ ശ്രീ. എം. ടി. വാസുദേവന്‍ നായര്‍ക്ക് തിരികെ ലഭിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ ബഹുമാനപ്പെട്ട കോടതിയെ സമീപിച്ചത്. തിരക്കഥ തിരികെ ലഭിച്ചതിനു ശേഷം രണ്ടാമൂഴം സിനിമയുടെ ഭാവി പദ്ധതികളെക്കുറിച്ച് അത് ആര് ചെയ്യും എങ്ങനെ അവതരിപ്പിക്കും എന്നൊക്കെ അച്ഛന്‍ തന്നെ നിങ്ങളെ നേരിട്ട് അറിയിക്കുന്നതായിരിക്കും. … അതു വരെ ക്ഷമയോടെ കാത്തിരിക്കുക. .നിങ്ങള്‍ നല്‍കുന്ന സ്‌നേഹത്തിന് നന്ദി’

Exit mobile version