അഞ്ചുവര്‍ഷം മുന്‍പ് ശൈലജ ടീച്ചര്‍ പുതുമുഖമായിരുന്നു, ഭരണപരിചയമില്ല, മറ്റൊരു വകുപ്പ് അന്ന് ചോദിച്ചിരുന്നു, പാര്‍ട്ടിയാണ് ധൈര്യം നല്‍കിയത്; ജയരാജന്‍

MV Jayarajan | Bignewslive

കണ്ണൂര്‍: മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയുടേത് കൂട്ടായ്മയുടെ വിജയമായിരുന്നുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. കെകെ ശൈലജ ടീച്ചറെ മാറ്റിനിര്‍ത്തിയതില്‍ പ്രതിഷേധം കനക്കവെയാണ് ജയരാജന്റെ പരാമര്‍ശം. കണ്ണൂരില്‍ നടന്ന ഇകെ നായനാര്‍ അനുസ്മരണത്തിലായിരുന്നു പ്രതികരണം. ഒരാളെ ഭരണാധികാരിയാക്കുന്നതും മികച്ച ഭരണാധികാരിയാക്കുന്നതും പാര്‍ട്ടിയാണ്. വ്യക്തിയല്ല പ്രസ്ഥാനമാണ് പാര്‍ട്ടിയെ നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയരാജന്റെ വാക്കുകള്‍;

അഞ്ചുവര്‍ഷം ആരോഗ്യമന്ത്രിയായി എല്ലാവരുടെയും സ്നേഹം പിടിച്ചുപറ്റിയ ശൈലജ ടീച്ചര്‍ 2016-ല്‍ പുതുമുഖമായിരുന്നു. അന്നവര്‍ പാര്‍ട്ടി സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനെ കണ്ട് തനിക്ക് ഭരണപരിചയമില്ല. ആരോഗ്യവകുപ്പിന് പകരം മറ്റേതെങ്കിലും വകുപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടി സെക്രട്ടറി അവര്‍ക്ക് കരുത്ത് പകര്‍ന്നു. പാര്‍ട്ടിയുണ്ട് കൂടെ, എല്‍ഡിഎഫ് ഉണ്ട് കൂടെ, ജനങ്ങളുണ്ട് കൂടെ എന്നദ്ദേഹം പറഞ്ഞു. ആ കരുത്താണ് ശൈലജ ടീച്ചറെ മികച്ച മന്ത്രിയാക്കിയത്.

ശൈലജ ടീച്ചര്‍ മാത്രമല്ല ആ മന്ത്രിസഭയിലെ ഇന്ന് മന്ത്രിസഭയില്‍ ഇല്ലാത്ത തോമസ് ഐസക്, ടി.പി.രാമകൃഷ്ണന്‍. കെ.ടി.ജലീല്‍ തുടങ്ങി എല്ലാവരും മാതൃകാപരമായി പ്രവര്‍ത്തിച്ചവരാണ്. അല്ലെങ്കില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വരില്ല. അതുകൊണ്ട് മന്ത്രിസഭയാണ് മാതൃകാപരമായി പ്രവര്‍ത്തിച്ചത്. കൂട്ടായ്മയാണ് ആ മാതൃക സൃഷ്ടിച്ചത്. ആ കൂട്ടായ്മയുടെ വിജയമാണ് വീണ്ടും അധികാരത്തില്‍ വരാന്‍ ജനങ്ങളെ ഇടതുപക്ഷത്തിന് അംഗീകാരം നല്‍കാന്‍ പ്രേരിപ്പിച്ചത്.

Exit mobile version