‘ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റാത്തത് ‘ : പഞ്ചാബ്-ഹരിയാന ഹൈക്കോടതി

ചണ്ഡീഗഢ് : ലിവ്-ഇന്‍ റിലേഷന്‍ഷിപ്പ് സാമൂഹികമായും ധാര്‍മികമായും അംഗീകരിക്കാന്‍ പറ്റുന്നതല്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. വീട്ടുകാരില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കമിതാക്കള്‍ നല്‍കിയ ഹര്‍ജി തള്ളുന്നതിനിടയിലായിരുന്നു കോടതിയുടെ പരാമര്‍ശം.

വീട്ടില്‍ നിന്നും ഒളിച്ചോടിയ ഗുല്‍സാ കുമാരി, ഗുര്‍വിന്ദര്‍ സിങ് എന്നിവരാണ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. നിലവില്‍ ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ ആണെന്നും ഉടനെ കല്യാണം കഴിക്കുമെന്നും ഇവര്‍ കോടതിയെ അറിയിച്ചിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അപായപ്പെടുത്തുമോ എന്ന ഭയമുള്ളതിനാല്‍ സംരക്ഷണം നല്‍കണമെന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ലിവിങ് ടുഗതറിനുള്ള അംഗീകാരമാണ് ഹര്‍ജിയിലൂടെ ഉദ്ദേശിക്കുന്നതെന്നും ഇത് അനുവദനീയമല്ലെന്നും ജസ്റ്റിസ് എച്.എസ് മദാന്‍ പറഞ്ഞു.ലിവിങ് ടുഗതര്‍ സാമൂഹികമായും ധാര്‍മികമായും അംഗീകരിക്കാന്‍ പറ്റില്ലെന്നും ആയതിനാല്‍ സംരക്ഷണം നല്‍കാന്‍ സാധിക്കില്ലെന്നും കോടതി അഭിഭാഷകനെ അറിയിച്ചു.പെണ്‍കുട്ടിക്ക് 19ഉം ആണ്‍കുട്ടിക്ക് 22 വയസും ആണെന്നും ഇവര്‍ ഉടന്‍ വിവാഹം കഴിക്കും പെണ്‍കുട്ടിയുടെ ആധാര്‍ കാര്‍ഡ് വീട്ടുകാരുടെ കയ്യിലായതിനാലാണ് താമസം എന്നും അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.

ലിവിങ് ടുഗതറിന് അനുകൂലമായി സുപ്രീം കോടതി നിലപാട് സ്വീകരിച്ചിട്ടുള്ളതിനാലാണ് സംരക്ഷണം തേടി കോടതിയില്‍ എത്തിയതെന്ന് അഭിഭാഷകന്‍ പറഞ്ഞു.

Exit mobile version