പിണറായി വിജയന്‍ കര്‍ക്കശക്കാരന്‍, പക്ഷേ കാപട്യക്കാരനല്ല; സര്‍ക്കാരില്‍ വിശ്വാസമെന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഇത്രയും വലിയ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം

Dharmajan Bolgatty | Bignewslive

കൊച്ചി; നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്രയും വലിയ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടനും ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ധര്‍മ്മജന്‍ ബോള്‍ഗാട്ടി. പ്രമുഖ മാധ്യമത്തോടായിരുന്നു താരത്തിന്റെ പ്രതികരണം. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം വഹിക്കുന്ന സര്‍ക്കാരില്‍ വിശ്വസമാണെന്നും ധര്‍മ്മജന്‍ കൂട്ടിച്ചേര്‍ത്തു.

സഖാവ് പിണറായി വിജയന്‍ കര്‍ക്കശക്കാരനാണ് എന്നാല്‍ കാപട്യക്കാരനല്ലെന്നും അതുകൊണ്ട് തനിക്ക് വിശ്വാസമുണ്ടെന്നുമാണ് ധര്‍മ്മജന്‍ പറഞ്ഞത്. ബാലുശേശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സച്ചിന്‍ ദേവായിരുന്നു ധര്‍മജനെതിരെ മത്സരിച്ചത്. 20,000ത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ ബാലുശ്ശേരിയില്‍ സച്ചിന്‍ വിജയിച്ചത്.

ധര്‍മ്മജന്റെ വാക്കുകള്‍;

തോല്‍വിയും വിജയവുമൊക്കെ തെരഞ്ഞെടുപ്പില്‍ സാധാരണയായി ഉണ്ടാകുന്നതാണ്. അത് കൂടാതെ ഇത്തവണ ഒരു തരംഗവുമുണ്ടായിരുന്നു. എന്നാല്‍ ഇത്രയും അധികം വോട്ടുകള്‍ക്ക് തോല്‍ക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല എങ്കിലും തോല്‍വി സമ്മതിക്കുകയാണ്.

ധര്‍മ്മജന്‍ സിനിമയില്‍ നിന്നാല്‍ മതി തല്‍ക്കാലം രാഷ്ട്രീയത്തിലേക്ക് നിന്റെ ആവശ്യം ഇല്ല എന്ന് വിചാരിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കും രാഷ്ട്രീയത്തില്‍ വിജയിക്കാത്തത്. സച്ചിന്‍ദേവ് നല്ല സ്ഥാനാര്‍ത്ഥിയായിരുന്നു. നല്ല പ്രകടനമായിരുന്നു. എന്നിരുന്നാലും മറ്റൊരു ജില്ലയില്‍ നിന്നെത്തി മത്സരിച്ചിട്ടുകൂടി അവിടുത്തെ ജനസമ്മതി വലിയ കാര്യം തന്നെയാണ്.

തെരഞ്ഞെടുപ്പ് തോല്‍വി എന്നെ ബാധിച്ചിട്ടില്ല, ഇനിയും രാഷ്ട്രീയത്തിലും കോണ്‍ഗ്രസിലും തുടരും. സൈബര്‍ ആക്രമണങ്ങളെയൊന്നും പേടിക്കുന്ന ആളല്ല ഞാന്‍. തെരഞ്ഞെടുപ്പില്‍ സംഘടനാപരമായിട്ടുള്ള കുറേ പ്രശ്‌നങ്ങളുണ്ടായെന്നും അതെല്ലാം സംഘടനയെയും കെപിസിസി പ്രസിഡന്റിനെയും ധരിപ്പിച്ചിട്ടുണ്ട്.

Exit mobile version