പ്രിയങ്കയുടെ ആത്മഹത്യ: ഉണ്ണി പി രാജന്‍ദേവിനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും; ഇന്‍ക്വസ്റ്റ് വൈകുന്നു

തിരുവനന്തപുരം: സിനിമ, സീരിയല്‍ താരം ഉണ്ണി പി രാജന്‍ദേവിന്റെ ഭാര്യ പ്രിയങ്ക ജീവനൊടുക്കിയ കേസില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ്. കോവിഡ് പരിശോധന ഫലം ലഭിക്കാത്തതിനാല്‍ പ്രിയങ്കയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ഉണ്ണി പി രാജന്‍ദേവിനെക്കുറിച്ചുള്ള വിവരങ്ങള്‍ അങ്കമാലി പോലീസിന് കൈമാറിയിട്ടുണ്ടെന്നും വട്ടപ്പാറ പോലീസ് അറിയിച്ചതായി മാതൃഭൂമി
ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടന്‍ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം വെമ്പായം കരിക്കകം വിഷ്ണു ഭവനില്‍ ജെ പ്രിയങ്കയെ(25) വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. അങ്കമാലി വില്ലേജ് ഓഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കായിക അധ്യാപികയായിരുന്നു. ജീവനൊടുക്കുന്നതിന് തലേദിവസം നടനും ഭര്‍ത്താവുമായ ഉണ്ണിക്കെതിരേ പ്രിയങ്ക വട്ടപ്പാറ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഗാര്‍ഹിക പീഡനത്തിനിരയായെന്നും ഉണ്ണി നിരന്തരം ഉപദ്രവിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക പരാതി നല്‍കിയത്. അങ്കമാലിയില്‍ ഉണ്ണിയുടെ വീട്ടിലാണ് പ്രിയങ്കയും താമസിച്ചിരുന്നത്. തിങ്കളാഴ്ച പ്രിയങ്കയെ ഉപദ്രവിച്ച ശേഷം ഉണ്ണി വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. തുടര്‍ന്ന് പ്രിയങ്ക സഹോദരന്‍ വിഷ്ണുവിനെ വിളിച്ചുവരുത്തി സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

എന്നാല്‍, കഴിഞ്ഞ ദിവസം പ്രിയങ്ക വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.
ഇതിനിടെ, വീട്ടില്‍നിന്ന് പുറത്താക്കിയ ശേഷം ഉണ്ണി പ്രിയങ്കയെ അസഭ്യം പറയുന്ന വീഡിയോ ദൃശ്യങ്ങള്‍ ബന്ധുക്കള്‍ പുറത്തുവിട്ടിരുന്നു. പ്രിയങ്ക സ്വന്തം മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്ത ദൃശ്യങ്ങളായിരുന്നു ഇത്. കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് ഉണ്ണി ഭാര്യയെ തെറിവിളിക്കുന്നത്. ഇതെല്ലാം കേട്ട് പ്രിയങ്ക കരയുകയായിരുന്നു. ഇതിനൊപ്പം ഉണ്ണിയുടെ ആക്രമണത്തില്‍ പരിക്കേറ്റതിന്റെ പാടുകളും പ്രിയങ്ക ഫോണില്‍ റെക്കോഡ് ചെയ്തിരുന്നു. ഇതും ബന്ധുക്കള്‍ കഴിഞ്ഞദിവസം പുറത്തുവിട്ടു.

2019ലാണ് പ്രിയങ്കയും ഉണ്ണിയും വിവാഹിതരായത്. കായിക അധ്യാപികയായിരുന്ന പ്രിയങ്കയും ഉണ്ണിയും പരിചയത്തിലാവുകയും പിന്നീട് വീട്ടുകാരുടെ സമ്മതപ്രകാരം വിവാഹിതരാവുകയുമായിരുന്നു. വിവാഹശേഷം കാക്കനാട്ട് ഫ്‌ളാറ്റ് വാങ്ങുന്നതിനായി ഉണ്ണി പ്രിയങ്കയോട് പണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പണം നല്‍കിയെങ്കിലും പിന്നീട് കൂടുതല്‍ പണം ആവശ്യപ്പെട്ട് പ്രിയങ്കയെ മര്‍ദിക്കുന്നത് പതിവായിരുന്നു എന്നാണ് വീട്ടുകാരുടെ ആരോപണം.

അന്തരിച്ച നടന്‍ രാജന്‍ പി ദേവിന്റെ മകനാണ് ഉണ്ണി പി രാജന്‍ദേവ്. രക്ഷാധികാരി ബൈജു, കാറ്റ്, ആട് 2 തുടങ്ങിയ സിനിമകളിലും സീരിയലുകളിലും ഉണ്ണി അഭിനയിച്ചിട്ടുണ്ട്. അങ്കമാലി പോലീസിന്റെ സഹായത്തോടെ ഇയാളെ ഉടന്‍ തന്നെ കസ്റ്റഡിയിലെടുക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

Exit mobile version