കെപിഎസി ലളിതയുടെ പരാമര്‍ശങ്ങള്‍ സ്ത്രീ വിരുദ്ധതയുള്ളതാണ്..! ഡബ്ല്യൂസിസിയെ കേള്‍ക്കാതിരിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്; ജോയ് മാത്യു

തിരുവനന്തപുരം: വനിതാ സംഘടനയായ ഡബ്ല്യൂസിസിക്കെതിരെ നിരവധി താരങ്ങളാണ് പരാമര്‍ശവുമായി രംഗത്തെത്തിയത്. അവസാനം മലയാള സിനിമയുടെ അമ്മയായ കെപിഎസി ലളിതയും സംഘടനയെ തള്ളി രംഗത്തെത്തിയിരുന്നു. എന്നാല്‍ കെപിഎസിയുടെ പരാമര്‍ശങ്ങള്‍ സ്ത്രീ വിരുദ്ധതയുള്ളതാണെന്ന് നടന്‍ ജോയ് മാത്യു പറഞ്ഞു. അതേസമയം ഡബ്ല്യൂസിസിയെ കേള്‍ക്കാതിരിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഎംഎംഎയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് ഡബ്ല്യുസിസി അംഗങ്ങള്‍ മാപ്പ് പറയണമെന്നായിരുന്നു കെപിഎസിലളിതയുടെ പരാമര്‍ശം. അത് ചൂണ്ടിക്കാട്ടിയാണ് ജോയ് മാത്യുവിന്റെ പ്രതികരണം. എന്നാല്‍ മാപ്പ് പറയാനൊന്നും സാധിക്കില്ലെന്ന് നടി രമ്യാ നമ്പീശന്‍ പറഞ്ഞു. ഒരു സ്ത്രീ എന്ന നിലയില്‍ കെപിഎസിലളിതയുടെ പ്രതികരണം വിഷമമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ അംഗത്വം ലഭിക്കാന്‍ അപേക്ഷ നല്‍കില്ലെന്നും രമ്യാ നമ്പീശന്‍ വ്യക്തമാക്കി.

സ്ത്രീകള്‍ എല്ലാം സഹിക്കേണ്ടവരാണ് എന്ന അവരുടെ നിലപാടിനോട് യോജിപ്പില്ലെന്നും എല്ലാം സഹിച്ച് നില്‍ക്കുന്നവരുടെ യുക്തി എന്താണന്ന അറിയില്ലെന്നും രമ്യാ നമ്പീശന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version