പൊന്നോമനകളായ പ്രാവുകളെ ലേലത്തിന് വച്ച് യദു: വാക്‌സിന്‍ ചലഞ്ചിലേക്ക് തന്റെ പങ്ക് നല്‍കാന്‍ പതിനൊന്നുകാരന്‍

കണ്ണൂര്‍: വാക്‌സിന്‍ ചലഞ്ചിലേക്ക് തന്റെ പങ്ക് ചേര്‍ക്കാനായി തന്റെ പ്രിയപ്പെട്ട പ്രാവുകളെ വില്‍ക്കാനൊരുങ്ങുകയാണ് പിണറായിയിലെ 11 കാരന്‍ യദുനന്ദന്‍. ഫേസ്ബുക്ക് വഴിയാണ് ലേലം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം നല്‍കാനായി യദു കണ്ടെത്തിയ ഈ വഴി സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുകയാണ്. ഒന്നരവര്‍ഷമായി താന്‍ ഓമനിയ്ക്കുന്ന പ്രാവുകളെ വിറ്റാണ് യദുവിന്റെ നന്മ.

ബാലസംഘത്തിലെ കൂട്ടുകാര്‍ ചേര്‍ന്ന് വിഷുക്കൈനീട്ടം മുഖ്യമന്ത്രിക്ക് കൊടുത്ത കൂട്ടത്തില്‍ യദുനന്ദനും ഉണ്ടായിരുന്നു. പക്ഷേ അവനത് മതിയായില്ല. അങ്ങനെയാണ് തന്റെ പ്രാവിനെ ലേലം ചെയ്യാമെന്ന ഐഡിയ യദുവിന് ഉണ്ടായത്. ഒന്നര വര്‍ഷമായി വളര്‍ത്തുന്ന പ്രാവിനെ ആണ് യദു ലേലത്തിന് വച്ചത്.

ലേലത്തിലൂടെ കിട്ടുന്ന പണം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കുമെന്നും യദു പറയുന്നു. യദുവിന്റെ വീട്ടില്‍ വേറെയും പ്രാവുകള്‍ ഉണ്ട്. അവരെയും വില്‍ക്കുമോയെന്ന് ചോദിച്ചപ്പോള്‍ യദു ചിരിച്ചുകൊണ്ട് പറവകളെ ചേര്‍ത്ത് പിടിച്ചു.

പിണറായി വെസ്റ്റ് സ്‌കൂളിലെ ആറാം ക്ലാസ്സുകാരനാണ് യദു നന്ദന്‍. കഴിഞ്ഞ ലോക്ക്ഡൗണ്‍കാലത്ത് സുഹൃത്ത് ലിതേഷാണ് ബൂട്ട് ഇനത്തില്‍പ്പെട്ട അലങ്കാരപ്രാവുകളെ യദുവിന് സമ്മാനിച്ചത്.

Exit mobile version