കുംഭമേളയില്‍ പങ്കെടുത്ത ഡല്‍ഹി നിവാസികള്‍ക്ക് 14 ദിവസം നിര്‍ബന്ധിത നീരീക്ഷണം; ഉത്തരവിട്ട് ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: കുംഭമേളയില്‍ പങ്കെടുത്ത ഡല്‍ഹി നിവാസികള്‍ നിര്‍ബന്ധിത നീരീക്ഷണത്തിലിരിക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവ്. കുംഭമേളയില്‍ പങ്കെടുത്തവര്‍ 14 ദിവസത്തെ നിര്‍ബന്ധിത നീരീക്ഷണത്തില്‍ പോകണമെന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവ്. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഉത്തരവില്‍ പറയുന്നു.

ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം ഉയരുകയാണ്. ഈ പശ്ചാത്തലത്തിലാണ് കുംഭമേളയില്‍ പങ്കെടുത്തവര്‍ക്ക് നിര്‍ബന്ധിത നീരീക്ഷണം ഏര്‍പ്പെടുത്തിയത്. പതിനാലു ലക്ഷം പേരാണ് ഹരിദ്വാറിലെ കുംഭമേളയുടെ രണ്ടാം ഷാഹിസ്‌നാനത്തിനെത്തിയത്.

ഇതില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും സന്യാസികള്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കുഭമേള പ്രതീകാത്മകമായി ചടങ്ങുകള്‍ മാത്രമായി നടത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ ആവശ്യം പരിഗണിച്ച് കുംഭമേള നിര്‍ത്തുമെന്ന് ജൂന അഖാഡ പ്രഖ്യാപിച്ചിരുന്നു.

അതേസമയം ലോകത്തേറ്റവും വേഗതയില്‍ കൊവിഡ് പടരുന്ന രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.61 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് രാജ്യത്തെ രണ്ടരലക്ഷത്തിലേറെ പ്രതിദിന കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Exit mobile version