കൂട്ടപ്പരിശോധന: പ്രതിദിന രോഗികള്‍ 25000 ന് മുകളില്‍ കടക്കാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ നടന്ന കൊവിഡ് കൂട്ടപ്പരിശോധനയുടെ ഫലം വരുന്നതോടെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 25000നും മുകളില്‍ പോകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജമാക്കാനും സിഎഫ്എല്‍ടിസികള്‍ സജ്ജമാക്കാനും നിര്‍ദേശം നല്‍കി.

രോഗം പിടിപെടാന്‍ സാധ്യതയുള്ള ഹൈറിസ്‌ക് വിഭാഗങ്ങളിലെ പരിശോധനാ ഫലം ഇന്നുമുതല്‍ വന്ന് തുടങ്ങും. ഇന്നലെ 65000 പേരെ വരെ പരിശോധിച്ചപ്പോള്‍ രോഗബാധിതരുടെ എണ്ണം 10000നും മുകളിലായിരുന്നു. അങ്ങനെയെങ്കില്‍ 133836 പേരുടെ പരിശോധനാഫലം വരുമ്പോള്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25000 നും മേലെ ആകുമെന്ന കണക്ക് കൂട്ടലിലാണ് ആരോഗ്യവകുപ്പ്.

അതേസമയം രണ്ടാം ദിവസവും വ്യാപക പരിശോധനയാണ് നടത്തുന്നത്. ഇന്ന് 116164 പേരില്‍ പരിശോധന നടത്തുക എന്നാണ് ആരോഗ്യ വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്. രോഗികളുടെ എണ്ണം കൂടാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ തീവ്രപരിചരണ വിഭാഗവും വെന്റിലേറ്ററുകളുമടക്കം കൂടുതല്‍ സൗകര്യങ്ങള്‍ കൊവിഡ് ചികിത്സയ്ക്കായി മാറ്റും. കേരളത്തിലെ സാഹചര്യം കേന്ദ്രത്തേയും അറിയിച്ചിട്ടുണ്ട് .

Exit mobile version