ട്രെയിനിലും റെയില്‍വേ സ്റ്റേഷനുകളിലും മാസ്‌ക് ധരിച്ചില്ലെങ്കില്‍ അഞ്ഞൂറു രൂപ പിഴ; ഉത്തരവ്

ന്യൂഡല്‍ഹി: ട്രെയിനിലും റെയില്‍വേ സ്റ്റേഷനുകളിലും മാസ്‌ക് ധരിക്കാതെ പ്രവേശിച്ചാല്‍ അഞ്ഞൂറു രൂപ പിഴ. ഇക്കാര്യം വ്യക്തമാക്കി റയില്‍വേ ഉത്തരവിറക്കി. രാജ്യത്ത് കൊവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തിലാണ് റയില്‍വേ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ പരിസരം ശുചിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. സ്റ്റേഷനിലും പരിസരത്തും തുപ്പുക, സമാനമായ വിധത്തില്‍ വൃത്തിഹീനമായി പെരുമാറുക എന്നിവയ്‌ക്കൊപ്പമാണ് മാസ്‌ക് ധരിക്കാത്തതും ശിക്ഷിക്കപ്പെടാവുന്ന കുറ്റങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. 1341 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,354 പേര്‍ കൊവിഡ് മുക്തരായി എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,45,26,609 ആയി. ഇതില്‍ 1,26,71,220 പേര്‍ ഇതുവരെ രോഗമുക്തി നേടി. 1,75,649 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 16,79,740 പേര്‍ ചികിത്സയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Exit mobile version