ജോണ്‍ ബ്രിട്ടാസും ഡോ. വി ശിവദാസനും രാജ്യസഭയിലേക്ക്

തിരുവനന്തപുരം: കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവുമായിരുന്ന ജോണ്‍ ബ്രിട്ടാസും സിപിഎം സംസ്ഥാന സമിതി അംഗം ഡോ. വി ശിവദാസനും രാജ്യസഭയിലേക്ക്.

ഇരുവരേയും സിപിഎം സ്ഥാനാര്‍ത്ഥികളാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനമുണ്ടായത്.

മൂന്ന് സീറ്റുകളാണ് കേരളത്തില്‍ നിന്ന് ഇത്തവണ രാജ്യസഭയിലേക്ക് ഒഴിവുളളത്. നിലവിലെ നിയമസഭാ അംഗബലത്തില്‍ രണ്ട് പേരെ എല്‍ഡിഎഫിനും ഒരാളെ യുഡിഎഫിനും വിജയിപ്പിക്കാം.

കൊവിഡ് സാഹചര്യത്തില്‍ വോട്ടെടുപ്പ് ഒഴിവാക്കുന്നതിനെ പറ്റി ഇരുമുന്നണികളും ആലോചിക്കുന്നുണ്ട്. രണ്ട് സ്ഥാനാര്‍ത്ഥികളെ മാത്രം നിര്‍ത്തി വോട്ടെടുപ്പ് ഒഴിവാക്കാനാണ് സിപിഎമ്മിനുളളില്‍ നിലവിലെ ധാരണ.

ഡോ. വി ശിവദാസന്‍ എസ്എഫ്ഐയുടെ ദേശീയ പ്രസിഡന്റ് ആയിരുന്നു. ഇപ്പോള്‍ സിപിഎം സംസ്ഥാനസമിതി അംഗമായി പ്രവര്‍ത്തിക്കുകയാണ്.

കേരളത്തിലെ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 30-നാണ് നടക്കുക. വയലാര്‍ രവി, പിവി അബ്ദുള്‍ വഹാബ്, കെകെ രാഗേഷ് എന്നിവര്‍ ഏപ്രില്‍ 21-നു വിരമിക്കുമ്പോള്‍ ഒഴിയുന്ന സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്.

30-ന് ഒമ്പതുമുതല്‍ നാലുവരെയാണ് വോട്ടെടുപ്പ്. അഞ്ചിന് വോട്ടെണ്ണും. യുഡിഎഫിന്റെ സ്ഥാനാര്‍ഥി പിവി അബ്ദുള്‍ വഹാബ് തന്നെയാണ്. അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

Exit mobile version