‘റോയല്‍ എന്‍ഫീല്‍ഡ് 500 രൂപയ്ക്കു തുന്നിത്തരാമെന്നു പറഞ്ഞ ഉരുപ്പടിയാണ് ചേച്ചി 30 കാശിന് തീര്‍ത്ത് തന്നത്’; ഏതു ബ്രാന്‍ഡിനെയും കൈവഴക്കംകൊണ്ടു മെരുക്കുന്ന ഒറിജിനല്‍ ബ്രാന്‍ഡ്

തൃശ്ശൂര്‍: മുന്തിയ ബ്രാന്‍ഡ് ചെരിപ്പു തുന്നാന്‍ സാധാരണക്കാരിയായ സ്ത്രീയോട് വിലപേശിയ ‘മാന്യനെ’ പൊളിച്ചടുക്കി മാധ്യമപ്രവര്‍ത്തകനായ ടിബി ലാല്‍. പത്തനംതിട്ട മിനി സിവില്‍സ്റ്റേഷന് മുന്നില്‍ ചെരിപ്പു തുന്നുന്ന രാജമ്മ ചേച്ചിയെ കുറിച്ചാണ് ലാലിന്റ ഹൃദ്യമായ കുറിപ്പ്.

” 3000 ഉറുപ്യേടെ വുഡ്ലാന്‍ഡ്‌സ് ക്യാമല്‍ സാന്‍ഡല്‍ ഈ ചേച്ചീടെ മുന്നിലേക്കിട്ടുകൊണ്ട് അയാളു പറഞ്ഞു, ‘സോളു നല്ലപോലെ പശ വച്ചൊട്ടിക്കണം. രണ്ടിന്റേം മുന്‍ഭാഗം നല്ല ബലത്തിലു തുന്നിപ്പിടിപ്പിക്കണം എത്ര തരണം..’

ചേച്ചി ചെരുപ്പെടുത്തു നോക്കിയിട്ട് താഴെവച്ചു. ‘120 !’
‘അതു കൂടുതലാ. ഒരെണ്‍പതു തരും. പറ്റ്വോ?’
ചേച്ചി ചെരുപ്പു തിരികെ പ്ലാസ്റ്റിക് കൂടിലേക്കു കയറ്റി.
അപ്പോ അയാളു പിന്നേം പറഞ്ഞു. ‘100 രൂപ. ഉറപ്പിക്കാം..!

‘ഇതു നിങ്ങളു വുഡ്ലാന്‍ഡ്‌സ് ഷോറുമിലു തുന്നിച്ചാ എത്ര രൂപ വരും ചേട്ടാ..?
നീയാരടാ എന്ന ഭാവത്തില്‍ അയാളെന്നെ നോക്കി ഇതുപറയാന്‍ നീയി ചേച്ചിയുടെ മോനാണോ എന്നാണു ഭാവം.

അയാളെപ്പോലെ ഞാനും നല്ല ഉടുപ്പിലാണ്. അയാളും അലെന്‍സോളി. ഞാനും അലെന്‍സോളി. ഷര്‍ട്ടിന്റെ ബട്ടന്‍സിന് ഇടേക്കൂടി ഞാന്‍ കൂളിങ് ഗ്ലാസ് താഴ്ത്തിയിട്ടുട്ടുണ്ട്. അടുത്ത് പുത്തന്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിരിക്കുന്നുണ്ട്. വുഡ്ലാന്‍ഡ്‌സ് തന്നെയാണ് എന്റെയും കാലില്‍.

കട്ടയ്ക്കു കട്ട. എന്നാത്തിനാ വിട്ടുകൊടുക്കുന്നേ? ‘ഷോറൂമിലനു പോയാ പത്തറന്നൂറുരൂപ വരുമാരിക്കും’ അയാളു പറഞ്ഞു.

‘പത്തറന്നൂറല്ല, ആയിരത്തിനടുത്തുവരും. ചെലപ്പോ അതുക്കുംമേലേ. അപ്പോപ്പിന്നെ ഈ ചേച്ചി പറയുന്ന പണിക്കാശു കൊടുത്ത് പാദരക്ഷയുമായി പോകുന്നതല്ലേ മാന്യത..?’നിന്നെ കണ്ടോളാമെന്ന മട്ടിലൊന്നു മൂളി അരമണിക്കൂറു കഴിഞ്ഞുവരാമന്നും പറഞ്ഞ് കക്ഷി ചലേഗാ…

ഇതിനെടേലു ബുള്ളറ്റിന്റെ ബോഡി കവറിന്റെ വിട്ടുപോയ തുന്നലും സിബ്ബുമൊക്കെ വച്ചുപിടിപ്പിച്ചു ചേച്ചി കയ്യേലേക്കു തന്നു. ഞാന്‍ കാശെത്രയാന്നു ചോദിച്ചു.
’30 രൂപ !

‘എന്റെ ചുട്ടിപ്പാറ ശിവനേ…’ വിളിച്ചുപോയി. പത്തനംതിട്ട ടൗണിന്നു കാണുന്ന മലയുടെ മോളിലെ തമ്പ്രാനാണ്, കൊറഞ്ഞുപോയില്ലേ ചേച്ചി?

റോയല്‍ എന്‍ഫീല്‍ഡു കമ്പനിക്കാരു മാറ്റിത്തരാന്‍ മടിച്ചതും വേണമെങ്കില്‍ 500 രൂപയ്ക്കു തുന്നിത്തരാമെന്നും പറഞ്ഞ ഉരുപ്പടിയാണ്. അതാണു ചേച്ചി 30 കാശിനു തീര്‍ത്തു കൈയേല്‍ വച്ചുതരുന്നത്.

‘അതിനൊള്ള പണിയേ ഉള്ളൂ…30 തന്നാ മതി’ 50 കൊടുത്തു തിരിഞ്ഞു. പുറകീന്നു വിളിച്ചു. ‘ദേ ബാക്കി കൂടി കൊണ്ടോക്കോ..’

ഈ ചേച്ചിയുടെ പേര് രാജമ്മ.
രാജമ്മച്ചേച്ചി ബ്രാന്‍ഡ് അല്ല. പക്ഷേ ഏതു ബ്രാന്‍ഡിനെയും കൈവഴക്കംകൊണ്ടു മെരുക്കുന്ന ഒറിജിനല്‍ ബ്രാന്‍ഡാണ്.
??
#രാജമ്മവാസുദേവന്‍.
പത്തനംതിട്ടപ്പട്ടണത്തിലു മിനി സിവില്‍സ്റ്റേഷനു മുന്നിലെ പാതയോരതതിരുന്നു പണിയെടുക്കുന്നു. പിന്നിട്ടതു 35 വര്‍ഷങ്ങള്‍. ആയുസൊടുങ്ങിയെന്നു കരുതുന്ന പാദരക്ഷകളും അനുസാരികളും ചേച്ചിയുടെ കൈകയിലൂടെ വീണ്ടും ജീവന്‍ വയ്ക്കുന്നു. ഭര്‍ത്താവ് വാസുദേവനാണ് ഈ തൊഴില്‍ പഠിപ്പിച്ചത്. അദ്ദേഹം 21 വര്‍ഷം മുമ്പു മരിച്ചു. ഒരു മകന്‍. അയാളും ചെരുപ്പുകളില്‍ സൂചി കൊണ്ടും ഉളികൊണ്ടും അലങ്കാരവേലകളില്‍ മുഴുകിയിരിക്കുന്നു.
??
എന്താ രാജമ്മേച്ചിയുടെ സ്വപ്നം: ‘ദിവസോം കൈ നിറയെ പണികിട്ടണം.’
എന്താ പ്രതീക്ഷ: ‘കണക്കു പറയാത്ത മനുഷ്യര്‍ ‘.
ടി.ബി. ലാല്‍

Exit mobile version