ഹൈക്കോടതി നിര്‍ദ്ദേശം പാലിക്കാതെ കെഎസ്ആര്‍ടിസി ; നിലയ്ക്കല്‍-പമ്പ റൂട്ടില്‍ ടു വേ ടിക്കറ്റ് സംവിധാനം തുടരുന്നു

പോലീസില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട് അനുകൂല റിപ്പോര്‍ട്ട് കിട്ടാത്തത് കൊണ്ടാണ് ടു വേ ടിക്കറ്റ് നിര്‍ത്തലാക്കാത്തതെന്ന് ടോമിന്‍ തച്ചങ്കരി ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു

പത്തനംതിട്ട: ടു വേ ടിക്കറ്റ് സംവിധാനം നിര്‍ബന്ധമാക്കരുതെന്ന ഹൈക്കോടതി നിര്‍ദ്ദേശം പാലിക്കാതെ കെഎസ്ആര്‍ടിസി. നിലയ്ക്കല്‍ പമ്പ റൂട്ടില്‍ ഇപ്പോഴും കെഎസ്ആര്‍ടിസി ബസില്‍ ടു വേ ടിക്കറ്റ് സംവിധാനം തുടരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ശബരിമല നിരീക്ഷക സമിതി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച് നിലയ്ക്കല്‍ പമ്പ റൂട്ടില്‍ ടു വേ ടിക്കറ്റ് നിര്‍ബന്ധം ആക്കരുതെന്നു ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.

നിലവില്‍ ഈ റൂട്ടില്‍ 80 രൂപയാണ് കെഎസ്ആര്‍ടിസി ചാര്‍ജ് ഈടാക്കുന്നത്. എസി ബസിനാണെങ്കില്‍ 150 രൂപ നല്‍കണം. കൊച്ച് കുട്ടികള്‍ക്ക് സര്‍വീസുകളില്‍ പകുതി ചാര്‍ജ് നല്‍കിയാല്‍ മതി. എന്നാല്‍ ഇവിടെ കുട്ടികള്‍ക്കും മുഴുവന്‍ ചാര്‍ജ് നല്‍കണം. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കോടതി അനുകൂല നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ കോടതി വിധി പാലിക്കാന്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ല.

പോലീസില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട് അനുകൂല റിപ്പോര്‍ട്ട് കിട്ടാത്തത് കൊണ്ടാണ് ടു വേ ടിക്കറ്റ് നിര്‍ത്തലാക്കാത്തതെന്ന് ടോമിന്‍ തച്ചങ്കരി ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

Exit mobile version