വീണ എസ് നായരുടെ പോസ്റ്റര്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവം: നേതാക്കളുടെ പങ്ക് പരിശോധിക്കും; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ വോട്ടുചോര്‍ച്ചയുണ്ടായോ എന്ന് പ്രത്യേക സമിതി പരിശോധിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജോണ്‍സണ്‍ എബ്രഹാം ചെയര്‍മാനായ മൂന്നംഗ സമിതിയാണ് അന്വേഷിക്കുക.

യുഡിഎഫ് സ്ഥാനാര്‍ഥി വീണ എസ് നായരുടെ പോസ്റ്റര്‍ ആക്രിക്കടയില്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് വോട്ട് ചോര്‍ച്ച അന്വേഷിക്കുന്നത്. വീണ എസ് നായരുമായി മുല്ലപ്പള്ളി കൂടിക്കാഴ്ച നടത്തി.

പരിമിതമായ സാഹചര്യത്തില്‍ നടത്തിയ പോരാട്ടമായിരുന്നു തെരഞ്ഞെടുപ്പ്. വനിതാ സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെയുളളവര്‍ സാമ്പത്തിക പ്രതിസന്ധികള്‍ അനുഭവിക്കുന്നുണ്ട്. എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ വിജയിക്കാന്‍ കഴിയുകയുള്ളൂ. ഇത്തരമൊരു സാഹചര്യത്തില്‍ പോസ്റ്റര്‍ ആക്രിക്കടയില്‍ വില്‍ക്കാന്‍ കൊടുത്ത സംഭവം അംഗീകരിക്കാന്‍ സാധിക്കില്ല. സംഭവത്തെക്കുറിച്ച് സ്ഥാനാര്‍ഥിയുമായി സംസാരിച്ചു.

വീണ നായരുടെ പോസ്റ്റര്‍ വിറ്റ സംഭവം ഗുരുതര അച്ചടക്ക ലംഘനമാണ്. ഒറ്റപ്പെട്ട സംഭവമാണോ അതോ നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കും. സമഗ്ര അന്വേഷണം നടത്താന്‍ സമിതിയെ നിയോഗിച്ചു. സമിതി നാളെ തന്നെ അന്വേഷണം ആരംഭിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

വീണ നായര്‍ മത്സരിച്ചതിനെതിരെ പരാതി ഉയര്‍ന്നിട്ടില്ല. കോണ്‍ഗ്രസിന്റെ എല്ലാ വോട്ടുകളും പോള്‍ ചെയ്‌തോ എന്നും സമിതി പരിശോധിക്കും. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ നടന്നതു പോലെ എന്തെങ്കിലും നടന്നോ എന്ന് അറിയണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം വട്ടിയൂര്‍ക്കാവില്‍ വോട്ട് മറിച്ചതായി സംശയിക്കുന്നില്ലെന്ന് വീണ നായര്‍ പറഞ്ഞു. ഒന്നോ രണ്ടോ പേര്‍ തെറ്റ് ചെയ്ത് കാണും. അക്കാര്യം പാര്‍ട്ടി അന്വേഷിക്കട്ടെയെന്നും വീണ പറഞ്ഞിരുന്നു.

Exit mobile version