കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ചീഫ് സെക്രട്ടറിയുടെ സഹോദരി സെലിന്‍ മരിച്ചു

കോഴിക്കോട്: കാറും ലോറിയും കൂട്ടിയിടിച്ചുള്ള അപകടത്തില്‍ ചീഫ് സെക്രട്ടറി വിപി ജോയിയുടെ സഹോദരി മരിച്ചു. ബൈപ്പാസില്‍ കൂടത്തംപാറയ്ക്കടുത്താണ് അപകടം നടന്നത്. രാമനാട്ടുകര ഒളിക്കുഴിയില്‍ വീട്ടില്‍ സെലിന്‍ വി പീറ്ററാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് അപകടം നടന്നത്. രാമനാട്ടുകരയില്‍നിന്ന് കോഴിക്കോട് സ്റ്റാര്‍കെയര്‍ ആശുപത്രിയിലുള്ള മകളെ കാണാന്‍ വരുമ്പോള്‍ സെലിന്‍ ഓടിച്ച കാറും ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.

രാമനാട്ടുകര ഭാഗത്തേയ്ക്ക് സാധനങ്ങളുമായി പോകുകയായിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറിയാണ് കാറിലേയ്ക്ക് ഇടിച്ചുകയറിയത്. അപകടസമയത്ത് കാറില്‍ സെലിന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സെലിനെ ഉടന്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരണം സംഭവിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ട്രാഫിക് കണ്‍ട്രോളര്‍ മാക്‌സിസിന്റെ ഭാര്യയാണ്.

Exit mobile version