‘മലദ്വാരത്തില്‍ കമ്പികുത്തിയിറക്കും’! കമ്യൂണിസത്തെ പുകഴ്ത്തി എഴുതിയത് മഹാഅപരാധം: കവി മുരുകന്‍ കാട്ടാക്കടയ്ക്ക് വധ ഭീഷണി

തിരുവനന്തപുരം: കവി മുരുകന്‍ കാട്ടാക്കടയ്ക്ക് വധ ഭീഷണി. ഇന്നലെ മുതല്‍ ഒരാള്‍ തുടര്‍ച്ചയായി ഫോണില്‍ വിളിച്ചാണ് ഭീഷണിപ്പെടുത്തുന്നത്. മലദ്വാരത്തിലൂടെ കമ്പി കയറ്റുമെന്നും എപ്പോള്‍ വേണമെങ്കിലും ആക്രമണം ഉണ്ടാകുമെന്നുമാണ് ഭീഷണി.

പുതുതായി ഇറങ്ങുന്ന ‘ചുവപ്പ്’ എന്ന സിനിമയ്ക്ക് വേണ്ടി മുരുകന്‍ കാട്ടാക്കട മാര്‍ക്‌സിസത്തെപ്പറ്റി എഴുതിയ ഗാനത്തിലെ വരികളാണ് ഭീഷണിക്ക് കാരണമെന്ന് മുരുകന്‍ കാട്ടാക്കട പറയുന്നു.

കവിതകളൊക്കെ നല്ലതാണെങ്കിലും കമ്യൂണിസത്തെ പുകഴ്ത്തി എഴുതിയ കവിതകളെ അംഗീകരിക്കാനാകില്ലെന്ന് ഭീഷണിപ്പെടുത്തിയ വ്യക്തി പറഞ്ഞതായി മുരുകന്‍ കാട്ടാക്കട അറിയിച്ചു.

ഇതേ തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ എസ്പി ഓഫീസില്‍ മുരുകന്‍ കാട്ടാക്കട പരാതി നല്‍കി. പ്രാഥമിക അന്വേഷണത്തില്‍ മഹാരാഷ്ട്രയില്‍ നിന്നാണ് ഫോണ്‍ വിളി എത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

മാര്‍ക്‌സിസമെന്ന ആശയവും സൗന്ദര്യവും കവിതയില്‍ ഭംഗിയായി വിശദീകരിക്കുന്നതാണ് ഭീഷണിപ്പെടുത്തുന്നയാളെ ചൊടിപ്പിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഇടതുമുന്നണി അത് പ്രചാരണ ഗാനമായി ഉപയോഗിച്ചിരുന്നു.

സ്‌നേഹമല്ല മാര്‍ക്‌സിസമെന്നും അതിന്റെ കൊലപാതകവും അക്രമവുമാണ് അതിന്റെ നിര്‍വ്വചനമെന്നും ആരോപിക്കുന്ന അത്തരത്തിലെഴുതിയത് മഹാ അപരാധമാണെന്നും അതിന്റെ പേരില്‍ തന്റെ മലദ്വാരത്തില്‍ കമ്പികുത്തിയിറക്കുമെന്നുമാണ് ഭീഷണിപ്പെടുത്തുന്നത്.

പലതവണ ഒരേ സ്വരത്തില്‍ ഭീഷണി ആവര്‍ത്തിച്ച ആളോട് കാര്യങ്ങള്‍ വിശദമാക്കാന്‍ ശ്രമിച്ചെങ്കിലും അത് ചെവികൊളളാന്‍ തയ്യാറായില്ലെന്ന് മുരുകന്‍ കാട്ടാക്കട പറഞ്ഞു. തുടക്കത്തില്‍ ഭീഷണി കാര്യമാക്കിയില്ലെങ്കിലും രാത്രിയായിട്ടും നിര്‍ത്താതെ വിളിച്ച് അപായപ്പെടുത്തുമെന്ന വിധത്തില്‍ ഭീഷണി ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് മുരുകുന്‍ കാട്ടാക്കട വ്യക്തമാക്കി.

കണ്ണൂര്‍ ശൈലിയിലുള്ള സംസാരമാണെന്നും സാഹിത്യം ഇടകലര്‍ത്തി സംസാരിക്കുന്ന യുവാവിനൊപ്പം മറ്റാളുകളുമുള്ളതായി സംഭാഷണത്തില്‍ നിന്ന് വ്യക്തമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ തിരുവനന്തപുരം റൂറല്‍ എസ്പിക്ക് പരാതി നല്‍കിയതായി അദ്ദേഹം അറിയിച്ചു.

Exit mobile version