ഭണ്ഡാരം കുത്തിപൊളിക്കാന്‍ എത്തി, മദ്യം കണ്ടതോടെ നിയന്ത്രണം വിട്ടത് ആബിദിന് തിരിച്ചടിയായി; അടിച്ചു പൂസായി ഉറങ്ങിപ്പോയി! കണ്ണ് തുറക്കുമ്പോള്‍ പോലീസിന്റെ മുന്‍പില്‍!

നിലമ്പൂര്‍: ക്ഷേത്രത്തില്‍ മോഷ്ടിക്കാനെത്തിയ യുവാവ് മദ്യപിച്ച് ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോള്‍ പോലീസിന്റെ കണ്‍മുന്‍പില്‍. നിലമ്പൂരിലാണ് സംഭവം. ക്ഷേത്രത്തില്‍ മോഷ്ടിക്കാനെത്തിയ യുവാവിന് മദ്യം കണ്ടതോടെ നിയന്ത്രണം വിടുകയായിരുന്നു. ശേഷം മദ്യം മുഴുവന്‍ കുടിച്ചു തീര്‍ത്ത് മോഷണ മുതലുമായി കിടന്നുറങ്ങുകയായിരുന്നു.

നിലമ്പൂര്‍ മുമ്മുള്ളി കുട്ടിച്ചാത്തന്‍ കാവിലാണ് സംഭവം. വഴിക്കടവ് കമ്പളക്കല്ല് കുന്നുമ്മല്‍ ആബിദ് (35) നെയാണ് നിലമ്പൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടി കുത്തിത്തുറന്ന് പണം മോഷ്ടിച്ചിട്ടുണ്ട്. രാവിലെ അഞ്ചരയോടെ ക്ഷേത്രത്തില്‍ വിളക്ക് വെക്കാന്‍ വന്ന ക്ഷേത്രം സെക്രട്ടറി പാലശ്ശേരി വേണുഗോപാലനാണ് കിണറിനടുത്ത് ഓഫീസിന് സമീപം ബോധരഹിതനായി ഒരാള്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സമീപത്ത് ഒരു കവറില്‍ ചില്ലറ നാണയങ്ങളുമുണ്ടായിരുന്നു.

തുടര്‍ന്ന് ഇവര്‍ സമീപവാസികളെ വിളിച്ച് നടത്തിയ പരിശോധനയില്‍ നാല് ഭണ്ഡാരപ്പെട്ടികള്‍ കുത്തിത്തുറന്ന നിലയില്‍ കാണുകയായിരുന്നു. ഓഫീസും കുത്തിത്തുറന്നിട്ടുണ്ട്. ഉടന്‍ നിലമ്പൂര്‍ പോലീസില്‍ വിവരം അറിയിക്കുകയും ആബിദിനെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Exit mobile version