“വിശക്കുന്നവന് മുന്നില്‍ ദൈവം പ്രത്യക്ഷപ്പെടും, അന്നം മുടക്കുന്നവര്‍ക്ക് മുന്നിലല്ല”; പ്രതിപക്ഷത്തെ വിമര്‍ശിച്ച് എംഎ ബേബി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ദിവസം ശബരിമല വിഷയം ചര്‍ച്ചയാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന എന്‍എസ്എസിനും പ്രതിപക്ഷത്തിനുമെതിരെ വിമര്‍ശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംഎ ബേബി. ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് എംഎ ബേബി പറഞ്ഞു.

അയ്യപ്പകോപം കിട്ടും എന്നു പറഞ്ഞത് ലജ്ജാവഹമാണ്. വിശക്കുന്നവന് മുന്നില്‍ ദൈവം പ്രത്യക്ഷപ്പെടും എന്നാണ്, അല്ലാതെ അന്നം മുടക്കുന്നവര്‍ക്ക് മുന്നിലല്ല എന്നും എംഎ ബേബി കൂട്ടിച്ചേര്‍ത്തു.പ്രതിപക്ഷം ഹീനമായ നുണകള്‍ പടച്ചുവിടുന്നു. ഇത് രാഷ്ട്രീയ അശ്ലീലമാണ്. മുഖ്യമന്ത്രി പറഞ്ഞതില്‍ തെറ്റില്ലെന്നും ദൈവഗണങ്ങള്‍ക്ക് വോട്ടുണ്ടെങ്കില്‍ അത് ഇടതു പക്ഷത്തിനാകും എന്നും എംഎ ബേബി പറഞ്ഞു.

സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നെന്നാണ് തന്റെ വിശ്വാസം എന്നായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞത്. സാമൂഹ്യ നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സര്‍ക്കാര്‍ ഉണ്ടാകണം. കുറച്ചുകാലമായി വിശ്വാസികളുടെ പ്രതിഷേധം ഉണ്ട്. ഇപ്പോഴും അത് നിലനില്‍ക്കുന്നുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

Exit mobile version