‘ഇനിയെങ്കിലും കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ട് വിമര്‍ശിക്കൂ സഹോദരീ, ഈ ഉടായിപ്പ് പണികളൊക്കെ നിര്‍ത്തി രാഷ്ട്രീയം പറഞ്ഞു വോട്ട് ചോദിക്ക്’ ബിന്ദു കൃഷ്ണയോട് മുകേഷ്

Mukesh M | Bignewslive

കൊല്ലം: ഇനിയെങ്കിലും കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ട് വിമര്‍ശിക്കൂ സഹോദരീ, ഈ ഉടായിപ്പ് പണികളൊക്കെ നിര്‍ത്തി രാഷ്ട്രീയം പറഞ്ഞു വോട്ട് ചോദിക്കെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ബിന്ദു കൃഷ്ണയ്‌ക്കെതിരെ നടനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംഎല്‍എയുമായ എം മുകേഷ്. ഫേസ്ബുക്കിലൂടെയാണ് വിമര്‍ശനം.

കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ട് വിമര്‍ശിക്കണമെന്നും വ്യാജപ്രചരണങ്ങള്‍ നടത്തി ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കരുതെന്നും മുകേഷ് ആവശ്യപ്പെട്ടു. സിനിമ അഭിനയം എന്നത് എസി മുറിയില്‍ ഇരുന്നു കൊണ്ടുള്ളതല്ലെന്നും എല്ലാ തൊഴിലിനും അതിന്റെതായ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമുണ്ടെന്നും ബിന്ദു കൃഷ്ണയോടായി മുകേഷ് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

”ഇനിയെങ്കിലും കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ട് വിമര്‍ശിക്കൂ സഹോദരി… എന്റെ എതിര്‍സ്ഥാനാര്‍ഥിയായ സഹോദരി തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച അന്നുമുതല്‍ നുണകളും കെട്ടുകഥകളും പറഞ്ഞു പ്രബുദ്ധരായ കൊല്ലം മണ്ഡലത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്… നിര്‍ഭാഗ്യവശാല്‍ പ്രതിപക്ഷനേതാവ് പൊട്ടിക്കുന്ന ബോംബുകള്‍ പോലെ ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ചീറ്റി പോകും. അത്രയ്ക്ക് നേരുള്ള പ്രസ്ഥാനമാണ് തൊഴിലാളിവര്‍ഗ പ്രസ്ഥാനം…

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മൂന്നു തുരുത്തുകളിലായി അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് എല്ലാ പോസ്റ്റുകളിലും എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കുകയും 2 കടവുകളിലും കോണ്‍ക്രീറ്റ് ചെയ്ത ഇന്റര്‍ലോക്ക് പാകി മനോഹരം ആക്കുകയും ചെയ്തിട്ടുണ്ട്. ആറുമാസം മുമ്പ് വേലിയേറ്റം ഉണ്ടായപ്പോള്‍ മൈനര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥരുമായി പോയി സൈഡ് വാള്‍ നിര്‍മിക്കാന്‍ രണ്ടരക്കോടി രൂപയുടെ എസ്റ്റിമേറ്റ് എടുക്കുകയും ചെയ്തിട്ടുണ്ട്.

തുരുത്തില്‍ ഹൈമാസ് ലൈറ്റ് അനുവദിച്ചത് തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ സ്ഥാപിക്കുന്നതാണ്. പിന്നെ സഹോദരിയോട് പറയാനുള്ളത്. സോദരി ചവിട്ടിയിട്ടുള്ളതിനേക്കാള്‍ ചെളിയും വെള്ളവും ഒക്കെ ഞാന്‍ ചവിട്ടിയിട്ടുണ്ട്. സിനിമ അഭിനയം എന്നു പറയുന്നത് എ,സി, മുറിയില്‍ ഇരുന്നു കൊണ്ടുള്ളതല്ല. എല്ലാ തൊഴിലിനും അതിന്റെതായ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഉണ്ട്.

ഇനിയെങ്കിലും ഈ ഉടായിപ്പ് പണികളൊക്കെ നിര്‍ത്തി രാഷ്ട്രീയം പറഞ്ഞു വോട്ട് ചോദിക്ക്.. പറയാന്‍ ഒന്നും ഇല്ലെങ്കിലും…ഇതാ ഒരു കള്ളം ഇവിടെ പൊളിയുന്നു.’

Exit mobile version