പാര്‍ട്ടി നേതാക്കളുടെ ക്രൂര പീഡനം: വേങ്ങരയില്‍ മത്സരിക്കുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥി പിന്മാറി

മലപ്പുറം: വേങ്ങര മണ്ഡലത്തില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന അനന്യ കുമാരി അലക്‌സ് തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി.

പാര്‍ട്ടി നേതാക്കള്‍ തന്നെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയാക്കിയെന്ന് ആരോപിച്ചാണ് അനന്യ തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയത്. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി തട്ടിക്കൂട്ട് പാര്‍ട്ടിയാണെന്നും വേങ്ങര മണ്ഡലം മത്സരത്തിനായി തെരഞ്ഞെടുത്തത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും അനന്യ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ നിന്ന് സ്വമേധയാ പിന്‍മാറുന്നതായും ആരും തന്റെ പേരില്‍ ഡിഎസ്‌ജെപി പാര്‍ട്ടിക്ക് വോട്ട് ചെയ്യരുതെന്നും അനന്യ ആവശ്യപ്പെട്ടു.

കേരള നിയമസഭയിലേക്ക് ജനവിധി തേടുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയായിരുന്നു അനന്യ. മേക്കപ്പ് ആര്‍ട്ടിസ്റ്റും വാര്‍ത്താ അവതാരകയും കേരളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ റേഡിയോ ജോക്കിയും കൂടിയാണ് അനന്യ കുമാരി.

കൊല്ലം പെരുമണ്‍ സ്വദേശിനിയാണ് അനന്യ. സെലിബ്രിറ്റി മേക്കപ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാറിന്റെ വളര്‍ത്തുമകളും ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയായ ദ്വയയുടെ സജീവ പ്രവര്‍ത്തകയുമാണ്.

Exit mobile version