പൊതുപര്യടനത്തിനിടെ കോതമംഗലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണിനെതിരെ യുഡിഎഫ് പ്രവര്‍ത്തകരുടെ ആക്രമണം; ഷര്‍ട്ട് വലിച്ചുകീറിയും കൈയ്യേറ്റം ചെയ്തും അഴിഞ്ഞാട്ടം

Antony John | Bignewslive

കോതമംഗലം: തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പൊതുപര്യടനത്തിനിടെ കോതമംഗലം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണിനെ ആക്രമിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍. മുനിസിപ്പല്‍ ഈസ്റ്റില്‍ പര്യടനത്തിന്റെ സമാപന സമ്മേളന നഗരിയായ ടിബി കുന്നിലേക്ക് പോകുംവഴി മാര്‍ ബേസില്‍ സ്‌കൂളിനുമുന്നില്‍ വെച്ചായിരുന്നു പ്രകോപനമില്ലാതെ യുഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

തിങ്കളാഴ്ച രാത്രി ഒമ്പതോടെയായിരുന്നു ആക്രമണമുണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. യുഡിഎഫിനുവേണ്ടി ഉമ്മന്‍ചാണ്ടിയും ശശി തരൂരും മാര്‍ ബേസില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രചാരണത്തിന് എത്തിയിരുന്നു. ഇതിന്റെ ഭാഗമായി യുഡിഎഫ് വേദിയില്‍ ഗാനമേള നടക്കുമ്പോഴാണ് റോഡിലൂടെ പോയ ആന്റണിയുടെ വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്.

ആന്റണി ജോണിന്റെ ഷര്‍ട്ട് വലിച്ചുകീറിയും താടിയില്‍ പിടിച്ച് വാഹനത്തില്‍നിന്ന് തള്ളി താഴെയിടാനും ശ്രമിച്ചും മറ്റും പ്രവര്‍ത്തകര്‍ അഴിഞ്ഞാടുകയായിരുന്നു. അതേസമയം, ആക്രമണം തടയാന്‍ ശ്രമിച്ച എല്‍ഡിഎഫ് നേതാക്കള്‍ക്ക് നേരെയും യുഡിഎഫ് പ്രവര്‍ത്തകര്‍ ആക്രോശിച്ചു. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശേഷം, പോലീസ് എത്തിയാണ് ആന്റണിയെ മറ്റൊരു വാഹനത്തിലേക്ക് മാറ്റിയത്.

ആക്രമണം ആസൂത്രിതമാണെന്ന് എല്‍ഡിഎഫ് നേതൃത്വം ആരോപിച്ചു. മാര്‍ബേസില്‍സ്‌കൂള്‍ ഗ്രൗണ്ടില്‍ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്നുമെത്തിയ സംഘം തുറന്നവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ആന്റണി ജോണിനുനേരെ പാഞ്ഞടുക്കുകയായിരുന്നു. പര്യടനവാഹനംതടഞ്ഞും കൊലവിളിമുഴക്കിയും സംഘര്‍ഷമുണ്ടാക്കിയ യുഡിഎഫ് സംഘം ആന്റണി ജോണിനെ കൈയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് സംഭവ സ്ഥലത്തുണ്ടായ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പറയുന്നു. ആന്റണി സഞ്ചരിച്ച തുറന്നവാഹനത്തില്‍ കടന്നുകയറിയ ഗുണ്ടാസംഘാംഗം കൊലവിളിയും മുഴക്കിയും വാഹനത്തിനകത്ത് ഉറഞ്ഞു തുള്ളിയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version