തൃശൂര്‍ പൂരവും എക്‌സിബിഷനും മുടക്കവുമില്ലാതെ നടക്കും; മന്ത്രി വിഎസ് സുനില്‍ കുമാര്‍

തൃശൂര്‍: തൃശൂര്‍ പൂരം മുടക്കവുമില്ലാതെ നടക്കുമെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍. സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നും പൂരം എക്‌സിബിഷന്‍ നിയന്ത്രങ്ങളോടെ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂര്‍ പൂരം എക്‌സിബിഷന് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പൂരവും എക്‌സിബിഷനും ഉപേക്ഷിക്കുമെന്ന് സംഘാടക സമിതി നേരത്തെ അറിയിച്ചിരുന്നു. പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

സംഘാടകര്‍ മുന്നോട്ട് വെച്ച വ്യവസ്ഥകള്‍ സര്‍ക്കാര്‍ ന്യായമായ രീതിയില്‍ പരിഗണിച്ചിട്ടുണ്ട്. അത് സംബന്ധിച്ച് അനിശ്ചിതത്വമില്ല. എക്‌സിബിഷന്‍ വേണ്ടെന്ന് വെക്കാന്‍ ഒരു ഉദ്യോഗസ്ഥനേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടറോട് ഞായറാഴ്ച തന്നെ ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

200 പേരെ മാത്രമേ അനുവദിക്കൂ എന്ന തീരുമാനം എടുത്തിട്ടില്ലെന്നും കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ സംഘാടകരുമായി ആലോചിച്ചാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നതെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും വി.എസ്. സുനില്‍ കുമാര്‍ അറിയിച്ചു. ആഴ്ച്ചകള്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് പൂരവും എക്‌സിബിഷനും നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതനുസരിച്ച് എക്‌സിബിഷന്‍ ആരംഭിക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ സാഹചര്യം ഉടലെടുത്തിരിക്കുന്നത്. പിന്നാലെയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയുള്ള മന്ത്രിയുടെ പ്രതികരണം.

Exit mobile version