‘പുതിയ കാര്‍ഷിക നിയമം ഒരു കാരണവശാലും കേരളത്തില്‍ നടപ്പിലാക്കില്ല, കേന്ദ്രത്തിന്റെ ഏത് നടപടിയും നേരിടാന്‍ തയ്യാര്‍’; നിലപാട് വ്യക്തമാക്കി മന്ത്രി വിഎസ് സുനില്‍ കുമാര്‍, ഈ ആഴ്ച സുപ്രീം കോടതിയെ സമീപിക്കുമെന്നും മന്ത്രി

vs sunilkumar, farmers law

തൃശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കുമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍. ഈ ആഴ്ച തന്നെ സുപ്രീം കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമം ഒരു കാരണവശാലും കേരളത്തില്‍ നടപ്പിലാക്കില്ല. ഇതിന്റെ പേരില്‍ കേന്ദ്രത്തിന്റെ ഏത് നടപടിയും നേരിടാനും തയ്യാറാണെന്നും വിഎസ് മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയങ്ങളാണിത്. ഇതിനുമേല്‍ കേന്ദ്രസര്‍ക്കാരിന് ഏകപക്ഷീയമായി നിയമം നിര്‍മിക്കാന്‍ ഭരണഘടന അനുസരിച്ച് അധികാരമില്ല. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയിരിക്കുന്നത് നഗ്നമായ ഭരണഘടനാ ലംഘനമാണ്. കോര്‍പ്പറേറ്റുകളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഭരണഘടന പോലും ലംഘിച്ചുകൊണ്ട് അധികാരം കേന്ദ്രസര്‍ക്കാരില്‍ മാത്രം കേന്ദ്രീകരിക്കുന്ന നടപടിയാണ് ഇതിലൂടെ നടപ്പിലാക്കുന്നതെന്നും മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.

അതേസമയം കേന്ദ്രത്തിന്റെ കാര്‍ഷികനയത്തില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കാര്‍ഷിക നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുള്ളത്. സിപിഎം,സിപിഐ, കോണ്‍ഗ്രസ്, എഎപി, ടിആര്‍എസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അതേസമയം കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച ചര്‍ച്ച നടത്തും. ഇത് ആറാം തവണയാണ് കേന്ദ്രം കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തുന്നത്.

Exit mobile version