മരിച്ചെന്നുകരുതി സംസ്‌കരിച്ചു, പന്തളത്ത് മൂന്ന് മാസത്തിനു ശേഷം യുവാവ് തിരിച്ചെത്തി; അടക്കിയ മൃതദേഹം ആരുടേതെന്ന് തേടി പോലീസ്

പത്തനംതിട്ട: പന്തളത്ത് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് വാഹനാപകടത്തില്‍ മരിച്ചെന്ന് കരുതി ശവസംസ്‌കാരം നടത്തിയ യുവാവ് തിരിച്ചെത്തി. പത്തനംതിട്ട പന്തളം കുടശനാട് സ്വദേശി സാബു ജേക്കബിനെയാണ് മാസങ്ങള്‍ക്കിപ്പുറം സുഹൃത്ത് കണ്ടെത്തിയത്.

സ്വകാര്യ ബസിലെ ക്ലീനറായിരുന്നു സാബു ജേക്കബ്. കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ വീടു വിട്ടിറങ്ങിയ സാബു മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു എന്നാണ് നാട്ടുകാരും വീട്ടുകാരുമെല്ലാം വിശ്വസിച്ചിരുന്നത്.

എന്നാല്‍ ഡിസംബര്‍ 24ന് പാലയില്‍ നടന്ന വാഹന അപകടത്തില്‍ മരിച്ച അഞ്ജാത യുവാവിന്റെ ചിത്രങ്ങള്‍ കണ്ട് ബന്ധുക്കള്‍ക്ക് സാബു ആണെന്ന് സംശയം തോന്നി. പല്ലിന്റെ പൊട്ടലും, കയ്യിലെ അസ്ഥിയിലെ ഒടിവും കണ്ടതോടെ മരിച്ചത് സാബു എന്ന് ഉറപ്പിച്ചു.

സാബുവിന്റെ അമ്മയ്ക്കും സഹോദരനും ഭാര്യക്കും സംശയമുണ്ടായില്ല. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റ്‌മോര്‍ട്ടവും പൂര്‍ത്തിയാക്കി കുടശനാട് സെന്റ് സ്റ്റീഫന്‍ സെമിത്തേരിയില്‍ ഡിസംബര്‍ 30 ന് മൃതദേഹം സംസ്‌കരിച്ചു.

സാബുവിന്റെ കൂടെ മുമ്പ് സ്വകാര്യ ബസില്‍ ജോലി ചെയ്തിരുന്ന സുഹൃത്താണ് കായകുളത്ത് വച്ച് സാബുവിനെ വീണ്ടും കണ്ടതും വാര്‍ഡ് കൗണ്‍സിലറെ വിവരമറിയിച്ചതും.

സെന്റ് സ്റ്റീഫന്‍ പളളി സെമിത്തേരിയില്‍ അന്ന് സംസ്‌കരിച്ച ആ അജ്ഞാത മൃതദേഹം ആരുടേതെന്നാണ് ഇനി അറിയേണ്ടത്. ആളെ തിരിച്ചറിയാനുള്ള നടപടിക്രമങ്ങള്‍ പൊലീസ് തുടങ്ങി.

Exit mobile version