ടൂറിസ്റ്റുകളുമായെത്തിയ ഭാരത് ദര്‍ശന്‍ ട്രെയിനിലെ യാത്രക്കാരന്‍ മരിച്ചു: പരിശോധനയില്‍ മരിച്ചയാള്‍ക്കും ഒപ്പം സഞ്ചരിച്ചവര്‍ക്കും കോവിഡ്, ട്രെയിന്‍ യാത്ര റദ്ദാക്കി

തിരുവനന്തപുരം: അഞ്ഞൂറോളം വിനോദസഞ്ചാരികളുമായി ഗുജറാത്തില്‍ നിന്നെത്തിയ ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിനിലെ യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്രെയിന്‍ ടൂര്‍ റദ്ദാക്കി മടങ്ങി.

സംഘത്തിലെ ഒരാള്‍ ഹൃദയാഘാതംമൂലം മരിച്ചിരുന്നു. ശേഷം പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചു. അയാളോടൊപ്പം കോച്ചിലുണ്ടായിരുന്നവര്‍ക്ക് നടത്തിയ പരിശോധനയില്‍ പത്ത് പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

രാജ്കോട്ടില്‍ നിന്നുള്ള ഭാരത് ദര്‍ശന്‍ ട്രെയിന്‍ വിനോദസഞ്ചാരികളുമായി വ്യാഴാഴ്ച പുലര്‍ച്ചയാണ് നാഗര്‍കോവിലില്‍ എത്തിയത്. നാഗര്‍കോവിലില്‍ എത്തുന്നതിന് തൊട്ടുമുന്‍പ് രാജ്കോട്ട് സ്വദേശിക്ക് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ട്രെയിന്‍ നാഗര്‍കോവിലില്‍ എത്തുമ്പോഴേക്ക് യാത്രക്കാരന്‍ മരിച്ചു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ഇയാള്‍ യാത്ര ചെയ്ത കോച്ചിലെ പത്ത് യാത്രക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരെ നാഗര്‍കോവിലില്‍ നിരീക്ഷണത്തിലാക്കി.

ട്രെയിന്‍ മറ്റ് യാത്രക്കാരുമായി രാത്രിയോടെ കൊച്ചുവേളിയിലെത്തി.ഗുരുവായൂരിലേക്കായിരുന്നു ട്രെയിന്‍ പോകേണ്ടിയിരുന്നത്. ട്രെയിനിലെ ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം ഉണ്ടായ സാഹചര്യത്തില്‍ ടൂര്‍ റദ്ദാക്കി രാത്രി വൈകി ട്രെയിന്‍ രാജ്കോട്ടിലേക്ക് മടങ്ങി. മരിച്ച ഗുജറാത്ത് സ്വദേശിയുടെ മൃതദേഹം വെള്ളിയാഴ്ച നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

Exit mobile version