ഗുരുവായൂരില്‍ ബിജെപി പിന്തുണ ദിലീപ് നായര്‍ക്ക്: തലശ്ശേരിയില്‍ തീരുമാനമായില്ല

ഗുരുവായൂര്‍: ഗുരുവായൂര്‍ മണ്ഡലത്തില്‍ ബിജെപി പിന്തുണ സ്വതന്ത്ര സ്ഥാനാര്‍ഥി ദിലീപ് നായര്‍ക്ക്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡന്റും ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി അംഗവുമായ അഡ്വ. നിവേദിതയുടെ നാമനിര്‍ദേശ പത്രിക തള്ളിയതിനെ തുടര്‍ന്നാണ് ഗുരുവായൂരില്‍ ബിജെപി സ്ഥാനാര്‍ഥി ഇല്ലാത്ത അവസ്ഥ വന്നത്.

‘സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥി ദിലീപ് നായരെ പിന്തുണയ്ക്കാന്‍ പാര്‍ട്ടിയുടെ ജില്ലാ ഘടകം ശുപാര്‍ശ ചെയ്തിട്ടുണ്ട്. അത് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ അക്കാര്യം പ്രഖ്യാപിക്കും’ കെ സുരേന്ദ്രന്‍ പറഞ്ഞു.

ഇതോടെ മണ്ഡലത്തില്‍ മികച്ച വിജയം നേടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു
ബിജെപി പിന്തുണയോടെ മത്സരിക്കാന്‍ തീരുമാനിച്ചതായി ഡിഎസ്‌ജെപി സ്ഥാനാര്‍ഥി ദിലീപ് നായരും അറിയിച്ചു.

കഴിഞ്ഞ തവണ എന്‍ഡിഎ നേടിയതിനേക്കാള്‍ വോട്ട് മണ്ഡലത്തില്‍ നേടുകയാണ് ലക്ഷ്യം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് 25,590 വോട്ടുകള്‍ ലഭിച്ച സാഹചര്യത്തില്‍ ഇത്തവണ ദിലീപ് നായരെ പിന്തുണയ്ക്കുന്നതോടുകൂടി ആ സീറ്റ് എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എത്രയും പെട്ടെന്ന് സജീവമാകുമെന്ന് ദിലീപ് നായര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം എന്‍ഡിഎ ഘടകകക്ഷിയാകാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. നേരത്തേ അതിന് വേണ്ടി ശ്രമിച്ചെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ മുന്നോട്ടുപോകാന്‍ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, തലശ്ശേരിയുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വൈകുന്നേരത്തോടെ അന്തിമ തീരുമാനമാകുമെന്നാണ് പ്രതീക്ഷയെന്നും സുരേന്ദ്രന്‍ അറിയിച്ചു.

ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പില്ലാത്ത സത്യവാങ്മൂലം സമര്‍പ്പിച്ചതാണ് നിവേദിതയുടെ പത്രിക തള്ളാന്‍ കാരണം. ഇതിനെതിരെ നിവേദിത ഹൈക്കോടതിയെ സമീപിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാന്‍ കോടതി തയാറായില്ല.

Exit mobile version