സുരേഷ് ഗോപിക്കു ബിജെപി ചിഹ്നത്തില്‍ മത്സരിക്കാനാവില്ല’; പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ്

തൃശൂര്‍: തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ്. സുരേഷ് ഗോപി ബിജെപി പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതിന് എതിരെയാണ് കോണ്‍ഗ്രസ് പരാതി നല്‍കാന്‍ ഒരുങ്ങുന്നത്.

രാഷ്ട്രപതി നോമിനേറ്റ് ചെയ്ത രാജ്യസഭാ അംഗത്തിന് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാനാകില്ല.സുരേഷ് ഗോപി രാജ്യസഭയിലെ നോമിനേറ്റ് ചെയ്ത അംഗമാണ്. അതിനാല്‍ സുരേഷ് ഗോപിക്കെതിരെ നിയമ നടപടി ആലോചിക്കുമെന്നും കോണ്‍ഗ്രസ് എംപി ടിഎന്‍ പ്രതാപന്‍ പറഞ്ഞു.നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തുടര്‍ നടപടി എടുക്കുമെന്നും പ്രതാപന്‍ വ്യക്തമാക്കി.

സുരേഷ് ഗോപി രാജ്യസഭയിലെ നോമിനേറ്റ് ചെയ്ത അംഗമാണ്. ഓരോ മേഖലയിലും മികവു തെളിയിക്കുന്നവരെയാണ് സഭാംഗങ്ങളായി നാമനിര്‍ദേശം ചെയ്യുന്നത്. അങ്ങനെ നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരാള്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് അയോഗ്യതയ്ക്കു കാരണമാവുമെന്നാണ് നിയമ വിദഗ്ധരുമായുള്ള ആലോചനയില്‍ അറിയാനായതെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു.

എന്നാല്‍ സുരേഷ് ഗോപിക്ക് മത്സരിക്കാന്‍ തടസ്സമില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സുരേഷ് ഗോപി ആറുമാസത്തിനുള്ളില്‍ ബിജെപി അംഗത്വം എടുത്തുവെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

അതേസമയം പശ്ചിമ ബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ സ്വപന്‍ ദാസ്ഗുപ്തയ്‌ക്കെതിരെ സമാനമായ ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹം രാജ്യസഭാംഗത്വം രാജിവച്ചിരുന്നു. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗം എതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അംഗത്വത്തില്‍ അയോഗ്യത വരുമെന്നാണ് ചട്ടം. ഇതു ചൂണ്ടിക്കാട്ടിയാണ് ദാസ്ഗുപ്തയ്‌ക്കെതിരെ ആക്ഷേപം ഉയര്‍ന്നത്. സ്വപന്ദാസ് ഗുപ്ത ബംഗാളിലെ താരകേശ്വരി മണ്ഡലത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാണ്.

Exit mobile version