കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ വിലക്ക് ലംഘിച്ച് കോഴി ബലി; രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളെ പിടികൂടി

തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ വിലക്ക് ലംഘിച്ച് വീണ്ടും കോഴിയെ ബലിയറുത്തു. ബലി നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച ഒമ്പതംഗ സംഘത്തെ പോലീസ് ബലപ്രയോഗത്തിലൂടെ പിടികൂടി.

വടക്കേ നടയില്‍ കോഴിക്കല്ലിന് സമീപം കോഴിയെ അറുത്ത യുവാക്കളെയാണ് പോലീസ് പിടികൂടിയത്. കോഴിയെ അറുത്ത ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവരെ പോലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാക്കള്‍ പോലീസിനെ തള്ളി മാറ്റി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.

ബലപ്രയോഗത്തിനിടെ എഎസ്‌ഐ റോയ് എബ്രഹാമിന് പരിക്കേറ്റു. ഇന്നലെയും ക്ഷേത്രത്തില്‍ നാലംഗ സംഘം കോഴിയെ അറുത്തിരുന്നു. തുടര്‍ന്ന് ഇവര്‍ ഓടി രക്ഷപ്പെട്ടു.

ഇതേ തുടര്‍ന്ന് പോലീസ് ഇവിടെ നിരീക്ഷണം ശക്തമാക്കിയിരുന്നു. 1977 മുതല്‍ ക്ഷേത്രത്തില്‍ ഭക്തര്‍ മൃഗ-പക്ഷി ബലി ചെയ്യുന്ന നിരോധിച്ചതാണ്. പകരം ഭരണിയാഘോഷ നാളില്‍ കോഴിയെ സമര്‍പ്പിച്ച് കുമ്പളം ഗുരുതിക്ക് കൊടുക്കുകയാണ് ചെയ്യുക.

Exit mobile version