വാഴനാര് കൊണ്ട് കല്ല്യാണപ്പുടവ, പായസത്തിനു പകരം ചുക്കുകാപ്പി; ശ്രദ്ധേയമായി സമ്പൂര്‍ണ്ണ സസ്യാഹാരികളുടെ വിവാഹ സല്‍ക്കാരം

കൊല്ലം: മൃഗങ്ങളെ പരോക്ഷമായിപ്പോലും നോവിക്കാത്ത ഭക്ഷണം, വസ്ത്രം, ആഭരണങ്ങള്‍. വിവാഹവേദിക്കു പോലും പരിസ്ഥിതിസൗഹൃദ അലങ്കാരങ്ങളുടെ പച്ചപ്പ്. തികഞ്ഞ സസ്യാഹാരികളുടെ വിവാഹ സല്‍ക്കാരം ശ്രദ്ധേയമായി.

കഴിഞ്ഞദിവസം കൊല്ലം ഡിടി നഗറില്‍ നടന്ന ദാമോദര്‍ ഹെഗ്‌ഡേയും മംഗളൂരു സ്വദേശി മധുര ഷേണായിയും തമ്മിലുള്ള വിവാഹത്തിന്റെ സത്കാരമാണ് ശ്രദ്ധേയമായത്. ഫെബ്രുവരി 21-ന് മംഗലാപുരത്ത് വീഗന്‍രീതിയില്‍ തന്നെയായിരുന്നു വിവാഹം.

കൊല്ലം സ്വദേശിയായ ഗോപാലകൃഷ്ണ ശര്‍മയുടെയും ഡിസിസി സെക്രട്ടറി കൃഷ്ണവേണി ശര്‍മയുടെയും മകനാണ് ദാമോദര്‍ ഹെഗ്‌ഡേ. മംഗളൂരുവില്‍ ജിംനേഷ്യം പരിശീലകനും മോഡലുമാണ് ദാമോദര്‍.

വിവാഹ ദിവസമായ ഫെബ്രുവരി 21ന് മംഗളൂരുവില്‍ നടന്ന സമ്പൂര്‍ണ സസ്യാഹാര (വീഗന്‍) സല്‍ക്കാരം ശ്രദ്ധ നേടിയിരുന്നു. അതിന്റെ തനിയാവര്‍ത്തനമാണ് കൊല്ലത്തു നടന്നത്. തേന്‍, പാല്‍, നെയ്യ് തുടങ്ങിയവ പോലും ഉപയോഗിക്കാത്ത ഭക്ഷണരീതിയാണ് ഇവര്‍ പിന്തുടരുന്നത്.

മംഗലാപുരത്തെ സല്‍ക്കാരത്തില്‍ പട്ടുവസ്ത്രങ്ങള്‍ക്കു പകരം കോട്ടണ്‍ വാഴനാര് വസ്ത്രങ്ങളാണ് ഉപയോഗിച്ചത്. ഇന്നലെയും പട്ടുവസ്ത്രം ഒഴിവാക്കി.

വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള സസ്യഎണ്ണകള്‍ മാത്രം ഉപയോഗിച്ചായിരുന്നു ഇന്നലെയും പാചകം. മസാലദോശ, ഫ്രൈഡ് റൈസ്, ചപ്പാത്തി എന്നിവയും അനുബന്ധ ഇനങ്ങളും ആലപ്പുഴയില്‍ നിന്നെത്തിയ സംഘമാണ് പാകം ചെയ്തത്. മൃഗക്കൊഴുപ്പും എല്ലുപൊടിയും ചേരാനിടയുള്ള പഞ്ചസാരയ്ക്കു പകരം ലഡുവില്‍ പരിസ്ഥിതിസൗഹൃദമധുരം ഉപയോഗിച്ചു. പായസത്തിനു പകരം ചുക്കുകാപ്പിയും വിളമ്പി.

മൃഗങ്ങളോടുള്ള ക്രൂരതയില്‍ നിന്ന് ഉണ്ടായതോ അവയുടെ ജീവിതവുമായി ബന്ധപ്പെടുന്നതോ ആയ ഒന്നും ഉപയോഗിക്കാത്ത വിഭാഗമാണ് വീഗന്‍സ്.
സാധാരണ സസ്യഭുക്കുകള്‍ പാല്‍, തേന്‍, നെയ്യ് തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ വീഗന്‍സ് അതും ഉപയോഗിക്കാതെയാണ് ജീവിക്കുന്നത്.

Exit mobile version