സംസ്ഥാനത്ത് ഇത്തവണ ബിജെപി ഭരണം പിടിക്കും; ഇ ശ്രീധരന്‍

പാലക്കാട് : സംസ്ഥാനത്ത് ഇത്തവണ ബിജെപി ഭരണം പിടിക്കുമെന്ന് ബിജെപി നേതാവ് ഇ ശ്രീധരന്‍. ബിജെപിക്ക് ഭരണം പിടിച്ചെടുക്കാന്‍ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. എല്‍ഡിഎഫിന് തുടര്‍ഭരണമുണ്ടാകില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇ ശ്രീധരന്‍.

അഴിമതിയും സ്വജനപക്ഷപാതവുമാണ് കഴിഞ്ഞ അഞ്ചു വര്‍ഷമായി സര്‍ക്കാര്‍ നടത്തിയതെന്നും ഇ ശ്രീധരന്‍ ആരോപിച്ചു. രണ്ടു വര്‍ഷത്തിനകം പാലക്കാടിനെ സംസ്ഥാനത്തെ മികച്ച നഗരമാക്കി മാറ്റുമെന്ന് ശ്രീധരന്‍ പറഞ്ഞു. താന്‍ പഠിച്ചതും താമസിച്ചതും പാലക്കാട് നഗരത്തിലാണ്. പാലക്കാട്ടെ യുവാക്കളിലാണ് തന്റെ പ്രതീക്ഷ. പ്രായക്കൂടുതല്‍ അനുഭവ സമ്പത്താകും. വിവാദങ്ങളല്ല, വികസനമാണ് തന്റെ പ്രചാരണമെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഒരുക്കം ചര്‍ച്ച ചെയ്യാന്‍ പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി ഓഫിസില്‍ എത്തിയതായിരുന്നു ഇ ശ്രീധരന്‍. പാലക്കാട് ഇ ശ്രീധരനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. ശ്രീധരന്‍ പാലക്കാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാകുമെന്ന കാര്യം ഏകദേശം ഉറപ്പായിട്ടുണ്ട്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപന സമ്മേളനത്തില്‍ വെച്ചാണ് ശ്രീധരന്‍ ബി.ജെ.പി. അംഗത്വം എടുത്തത്.

Exit mobile version