“രണ്ടില ജോസിന് നല്‍കരുത്, വിധി റദ്ദാക്കണം’;ഹര്‍ജിയുമായി ജോസഫ് സുപ്രീംകോടതിയില്‍; തടസ്സ ഹര്‍ജിയുമായി ജോസും

ന്യൂഡല്‍ഹി: രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിക്ക് എതിരെ പിജെ ജോസഫ് വിഭാഗം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഹൈക്കോടതി വിധി ഉടന്‍ സ്റ്റേ ചെയ്യണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജോസഫ് വിഭാഗം നേതാവ് പിസി കുര്യാക്കോസ് ആണ് ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധി റദ്ദാക്കണം. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം എന്നിവയാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ജോസഫ് വിഭാഗത്തിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കൂടി കേള്‍ക്കണം എന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജിയും ഫയല്‍ ചെയ്തു.

ജോസഫ് വിഭാഗത്തിന് വേണ്ടി ഭരണഘടന വിദഗ്ദ്ധരായ സീനിയര്‍ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ഹാജരാകും. നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ എത്തിക്കാന്‍ ഉള്ള ശ്രമം ജോസഫ് വിഭാഗം ആരംഭിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്താല്‍ ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നത്തില്‍ മത്സരിക്കാന്‍ കഴിയില്ല. രണ്ടില ചിഹ്നത്തില്‍ മത്സരിപ്പിക്കാതിരിക്കുക ലക്ഷ്യമിട്ടാണ് നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ എത്തിക്കാന്‍ ഉള്ള ശ്രമം ജോസഫ് വിഭാഗം ആരംഭിച്ചത്.

അതേസമയം തടസ്സ ഹര്‍ജിയില്‍ ജോസ് വിഭാഗത്തിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ മകന്‍ കൃഷ്ണന്‍ വേണുഗോപാല്‍ ഹാജരാകാനാണ് സാധ്യത. കഴിഞ്ഞ തവണ ജോസ് കെ മാണി ഡല്‍ഹിയില്‍ എത്തിയപ്പോള്‍ സീനിയര്‍ അഭിഭാഷകന്‍ കൃഷ്ണന്‍ വേണുഗോപലിനോട് ചര്‍ച്ച നടത്തിയിരുന്നു.

Exit mobile version