ഇന്ധനവില വര്‍ദ്ധന; സംസ്ഥാനത്ത് ചൊവ്വാഴ്ച്ച മോട്ടോര്‍ വാഹന പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച്ച മോട്ടോര്‍ വാഹന പണിമുടക്ക്. ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ സംഘടനകള്‍ ഓണ്‍ലൈന്‍ വഴി യോഗം ചേര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. മാര്‍ച്ച് ഒന്നിന് ജില്ലയിലെ ഓട്ടോ- ടാക്‌സി, ലോറി, ബസ്, ടെമ്പോ സ്റ്റാന്‍ഡുകളില്‍ പണിമുടക്ക് പ്രചാരണത്തിന്റെ ഭാഗമായി പ്രകടനം നടത്തും. സ്വകാര്യ വാഹന ഉടമകളും വാഹനങ്ങള്‍ റോഡിലിറക്കാതെ സഹകരിക്കണമെന്ന് സംഘടനകള്‍ പറഞ്ഞു.

അതേസമയം രാജ്യത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നു. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസല്‍ ലിറ്ററിന് 16 പൈസയുമാണ് ഇന്ന് കൂടിയത്.തിരുവനന്തപുരത്ത് പെട്രോള്‍ വില 93 കടന്നു. 93 രൂപ 8 പൈസയാണ് നഗരത്തിലെ വില.

കൊച്ചിയില്‍ 91 രൂപ 44 പൈസയാണ് ഇന്ന് പെട്രോളിന്റെ വില. തിരുവനന്തപുരത്ത് 87 രൂപ 59 പൈസയും കൊച്ചിയില്‍ 86 രൂപ 2 പൈസയുമാണ് ഡീസലിന്റെ ഇന്നത്തെ വില. രാജ്യത്തെ ഒട്ടേറെ സ്ഥലങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നു.

സര്‍വകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.

Exit mobile version