ചാരം നിസ്സാരക്കാരനല്ല, കിലോയ്ക്ക് 200 രൂപ

തൃശ്ശൂര്‍: ഇന്ന് എന്ത് സാധനം വേണമെങ്കിലും ഓണ്‍ലൈനില്‍ കിട്ടും, സാധനങ്ങള്‍ ഓര്‍ഡര്‍ കൊടുത്താല്‍ മതി വീട്ടിലെത്തിച്ചുതരും. നമ്മള്‍ നിസാരമായി കാണുന്ന വെണ്ണീര്‍/ ചാരവും ആമസോണ്‍ അടക്കമുള്ള ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ വിലപിടിപ്പുള്ള വസ്തുവാണ്.

വിറകടുപ്പില്‍ നിന്നും നിസാരമായി ഒഴിവാക്കുന്ന ചാരം കൃഷിയ്ക്ക് പ്രധാനമായും ഉപയോഗിച്ചിരുന്നു. ഇന്ന് വിറക് അടുപ്പുകള്‍ കുറഞ്ഞതോടെ വെണ്ണീര്‍ കിട്ടാക്കനിയായി മാറിയിരിക്കുകയാണ്.

ഒരേസമയം ഇത് ജൈവവളവും കീടനാശിനിയുമാണ്. പച്ചക്കറികളില്‍ പ്രാണി ശല്യം ഒഴിവാക്കാനും വെറ്റിലക്കൊടിക്ക് തണുപ്പ് ലഭിക്കാനും ഇവ ഉപയോഗിക്കുന്നു. തെങ്ങിന്‍ തൈകള്‍ക്കും വെണ്ണീര്‍ നല്ലതാണ്.

എന്നാല്‍, വിറക് അടുപ്പുകള്‍ കുറയുകയും ഗ്യാസും ഇന്‍ഡക്ഷനും വന്നതോടെ
നഗരങ്ങളിലടക്കം വെണ്ണീര്‍ കാണാതായി. ഇതോടെയാണ് ആവശ്യക്കാര്‍ക്കായി ഓണ്‍ലൈനില്‍ ബഹുവര്‍ണ നിറത്തിലെ പാക്കറ്റുകളില്‍ ഇവ ലഭ്യമാകാന്‍ തുടങ്ങിയത്. ഒരു കിലോക്ക് 200 രൂപ വരെയാണ് ഇതിന്റെ വില.

വെണ്ണീറിന്റെ ഗുണമേന്മയും കമ്പനികള്‍ വ്യക്തമാക്കുന്നുണ്ട്. പച്ചക്കറികളും പഴങ്ങളും പൂക്കളും തഴച്ചുവളരാന്‍ ആവശ്യമായ ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, ബോറോണ്‍ എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നതായി ഇവര്‍ പറയുന്നു. കൂടാതെ മണ്ണിന്റെ പിഎച്ച് നിലനിര്‍ത്താനും ഉപകരിക്കും.

ഉയര്‍ന്ന അളവില്‍ പൊടിയിടരുത്, ചെറിയ അളവില്‍ ആവര്‍ത്തിച്ച് പൊടിയിടുക, അല്ലാത്തപക്ഷം ചെടി കരിഞ്ഞുപോകുകയും ചെയ്യുമെന്ന മുന്നറിയിപ്പുകളും ഇതോടൊപ്പം നല്‍കുന്നു.

Exit mobile version