പെട്രോള്‍ വില കുതിച്ചുയരുമ്പോള്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് മൂവാറ്റുപുഴയിലെ പമ്പ് ഉടമ; ഒരു രൂപ കുറച്ച് സഹായം, നന്മമനസിന് കൈയ്യടി

മൂവാറ്റുപുഴ: പെട്രോള്‍ വില കുത്തനെ കുതിക്കുമ്പോള്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് നന്മ മനസിന് ഉടമയായിരിക്കുകയാണ് മൂവാറ്റുപുഴയിലെ പമ്പ് ഉടമ. മൂവാറ്റുപുഴ റോഡില്‍ പ്രവര്‍ത്തിക്കുന്ന എച്ച്പി ഡീലറായ കിഴക്കേടത്തു ഫ്യുവല്‍സിലാണ് പെട്രോളിനും ഡീസലിനും ലീറ്ററിന് ഒരു രൂപ വീതം കുറച്ചിരിക്കുന്നത്.

വില കുത്തനെ ഉയരുമ്പോള്‍ കേന്ദ്രം കണ്ണടയ്ക്കുമ്പോഴാണ് പെട്രോള്‍ പമ്പ് ഉടമയുടെ സഹായം. സാധാരാണക്കാര്‍ക്ക് വലിയ ആശ്വാസവുമാണ് ഉടമയുടെ ഈ തീരുമാനവും. തനിക്കു ലഭിക്കുന്ന ഡീലര്‍ കമ്മിഷനില്‍ 1 രൂപ വീതം കുറവു വരുത്തിയാണു ഡിസ്‌കൗണ്ട് നല്‍കുന്നതെന്നു പമ്പ് ഉടമ ഇടുക്കി സ്വദേശി ബിനീഷ് ജോസഫ് പറയുന്നു.

സാധാരണക്കാരായ ഉപഭോക്താവിന് അത്രയും ആശ്വാസമാകുമല്ലോ എന്നു കരുതിയാണ് ഡിസ്‌കൗണ്ട് നല്‍കാന്‍ തീരുമാനിച്ചതെന്നു ബിനീഷ് കൂട്ടിച്ചേര്‍ത്തു. ഡിസ്‌കൗണ്ട് നല്‍കുന്ന വിവരം ഇന്നലെ പമ്പില്‍ എഴുതി വെച്ചിരുന്നു. വിവരം അറിഞ്ഞ് ഓട്ടോറിക്ഷക്കാര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ഇവിടെ ഇന്ധനം നിറയ്ക്കാനെത്തുകയും ചെയ്തു.

Exit mobile version