മരട് ഫ്‌ളാറ്റ്; നഷ്ടപരിഹാര തുകയുടെ പകുതി ആറ് ആഴ്ചയ്ക്കകം കെട്ടിവയ്ക്കണം; നിര്‍മ്മാതാക്കളോട് സുപ്രീം കോടതി

കൊച്ചി: സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പൊളിച്ച, മരടിലെ ഫ്‌ളാറ്റുകളുടെ ഉടമകള്‍ക്കുള്ള നഷ്ടപരിഹാരത്തുകയുടെ പകുതി ആറ് ആഴ്ചയ്ക്കകം കെട്ടിവയ്ക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. ഫ്‌ളാറ്റ് നിര്‍മാതാക്കളായ ജെയിന്‍, കായലോരം ഗ്രൂപ്പുകളോടാണ് സുപ്രീംകോടതി പണം കെട്ടിവെക്കാന്‍ നിര്‍ദ്ദേശിച്ചത്.

പണം കെട്ടിവച്ചില്ലങ്കില്‍ റവന്യു റിക്കവറിക്ക് ഉത്തരവിടും എന്ന് സുപ്രീം കോടതി വ്യക്തമാക്കി. മരടിലെ പൊളിച്ച ഫ്‌ളാറ്റ് ഉടമകള്‍ക്ക് പ്രാഥമിക നഷ്ടപരിഹാരമായി നാല് നിര്‍മ്മാതാക്കളും കൂടി നല്‍കേണ്ടത് 61.50 കോടി രൂപയാണ്. എന്നാല്‍ ആകെ ലഭിച്ചത് 4.89 കോടി രൂപ മാത്രമാണ്. 9.25 കോടി നല്‍കേണ്ട ഗോള്‍ഡന്‍ കായലോരത്തിന്റെ നിര്‍മ്മാതാക്കള്‍ നല്‍കിയത് 2.89 കോടി രൂപ ആണ്.

പതിനഞ്ചര കോടി നല്‍കേണ്ട ജയിന്‍ ജയിന്‍ ഹൌസിങ് കണ്‍സ്ട്രക്ഷന്‍ നല്‍കിയത് രണ്ട് കോടി രൂപ മാത്രമാണ്.17.5 കോടി നല്‍കേണ്ട ആല്‍ഫ സെറീന്‍, 19.25 കോടി നല്‍കേണ്ട ഹോളി ഫെയ്ത്ത് എന്നിവ ഇത് വരെ ഒരു രൂപയും നല്‍കിയിട്ടില്ല.

Exit mobile version