നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള; പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് മാണി സി കാപ്പന്‍

കോട്ടയം: മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍.സി.കെ) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. മാണി സി.കാപ്പന്‍ പ്രസിഡന്റും ബാബു കാര്‍ത്തികേയന്‍ വൈസ് പ്രസിഡന്റുമായാണ് പുതിയ പാര്‍ട്ടിയുടെ രൂപീകരണം.

സുള്‍ഫിക്കര്‍ മയൂരിയും പി.ഗോപിനാഥുമാണ് വൈസ് പ്രസിഡന്റുമാര്‍. സിബി തോമസ് ട്രഷറര്‍. 11 ജില്ലാ പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചു. ദേശീയ വീക്ഷണമുള്ള ജനാധിപത്യ പാര്‍ട്ടിയായി മുന്നോട്ട് പോകുമെന്ന് കാപ്പന്‍ പറഞ്ഞു. എന്‍സിപിയില്‍നിന്നുള്ള നേതാക്കളാണു തന്നോടൊപ്പമുള്ളതെന്നു മാണി സി.കാപ്പന്‍ പറഞ്ഞു.

ഘടകക്ഷി ആയിട്ടെ യുഡിഎഫിലേക്ക് വരൂ. യുഡിഎഫിനോട് ഘടകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അത് അംഗീകരിക്കുമെന്നാണു പ്രതീക്ഷ. പാലാ ഉള്‍പ്പെടെ 3 സീറ്റ് യുഡിഎഫിനോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പാലാ സീറ്റ് എല്‍ഡിഎഫ് നിഷേധിച്ചതോടെയാണ് മാണി സി.കാപ്പന്‍ യുഡിഎഫ് പക്ഷത്തേക്ക് ചുവടുമാറിയത്. തുടര്‍ന്ന് എന്‍സിപിയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. അതേസമയം കാപ്പന്‍ പോയത് ക്ഷീണമല്ലെന്നാണ് എന്‍സിപിയുടെ വിലയിരുത്തല്‍. പാലാ ഉള്‍പ്പെടെയുള്ള നാലു സീറ്റിലും ഇത്തവണയും മത്സരിക്കാനാവുമെന്നാണ് കരുതുന്നതെന്നും ഏതാനും ചിലര്‍ മാത്രമാണ് കാപ്പനോടൊപ്പമുള്ളത് എന്നും അതു പാര്‍ട്ടിക്കു ക്ഷീണമാവില്ല എന്നുമാണ് നേതൃയോഗത്തിന്റെ വിലയിരുത്തല്‍

Exit mobile version