പാവപ്പെട്ട ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊല്ലുന്നവര്‍ക്ക് ഒത്താശ ചെയ്യുന്ന പൂച്ച സന്യാസിയാണ് യോഗി ആദിത്യനാഥ്; രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എംഎം മണി

കട്ടപ്പന: കേരളം വര്‍ഗീയത വളര്‍ത്തുന്ന സ്ഥലമാണെന്ന് പറഞ്ഞ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മന്ത്രി എം എം മണി. വങ്കനും രാജ്യത്തേറ്റവും കഴിവു കെട്ടവനുമായ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥെന്ന് മന്ത്രി പറഞ്ഞു. ശ്രീനാരായണഗുരുവിനെക്കുറിച്ച് പറയാന്‍ യോഗി ആദിത്യനാഥിന് എന്ത് യോഗ്യതയാണുള്ളതെന്നും മണി ചോദിച്ചു. കട്ടപ്പനയില്‍ സംസാരിക്കവേയായിരുന്നു മന്ത്രിയുടെ രൂക്ഷ വിമര്‍ശനം.

കള്ള കാവിയുടുത്ത പൂച്ച സന്യാസിയാണ് യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ പാവപ്പെട്ട ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊല്ലുന്നവര്‍ക്ക് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥെന്നും എംഎം മണി മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ് യാത്ര ഉദ്ഘാടനം ചെയ്തത് യോഗി ആദിത്യനാഥാണ്. എല്‍ഡിഎഫ് സര്‍ക്കാരിനും യുഡിഎഫിനുമെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഉദ്ഘാടന പ്രസംഗത്തില്‍ യോഗി നടത്തിയത്. കോവിഡ് പ്രതിരോധത്തില്‍ കേരളം പരാജയമാണെന്നും ദേശസുരക്ഷയ്ക്കായി കേരളം ഭരിച്ച ഇടതു-വലതു സര്‍ക്കാരുകള്‍ ഒന്നും തന്നെ ചെയ്തില്ലെന്നും അവര്‍ കേരളത്തില്‍ വിഭാഗീയതയും വര്‍ഗീയതയും വളര്‍ത്തുകയാണെന്നും യോഗി ആരോപിച്ചിരുന്നു.

ലൗ ജിഹാദിനെ പിന്തുണയ്ക്കുന്നവര്‍ക്ക് കേരളത്തില്‍ സഹായം ലഭിച്ചപ്പോള്‍ ഉത്തര്‍പ്രദേശ് ലൗ ജിഹാദിനെതിരെ നിയമം കൊണ്ടു വന്നുവെന്നും യോഗി അവകാശപ്പെട്ടിരുന്നു. യോഗിയുടെ ഈ പരാമര്‍ശനത്തിന് മറുപടിയായിട്ടാണ് മന്ത്രി എംഎം മണിയുടെ പരാമര്‍ശം.

Exit mobile version