‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’! അമ്പത് യുവതികളടങ്ങുന്ന സംഘം 23ന് ശബരിമലയിലേക്ക്

'നവോത്ഥാന കേരളം ശബരിമലയിലേക്ക്'എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള അമ്പതോളം യുവതികളും അഞ്ഞൂറോളം പുരുഷന്മാരുമാണ് സംഘത്തിലുള്ളതെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

തൃശ്ശൂര്‍: ഡിസംബര്‍ 23ന് യുവതികളടങ്ങുന്ന സംഘം ശബരിമലയിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ട്. ഒറ്റ ശ്രമം കൊണ്ട് ശബരിമല യുവതീ പ്രവേശനം സാധ്യമാകുമെന്ന് കരുതുന്നില്ലെന്നും തുടര്‍ച്ചയായ ശ്രമങ്ങള്‍ ഉണ്ടാകുമെന്നും ഇവര്‍ പറഞ്ഞു.

‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള അമ്പതോളം യുവതികളും അഞ്ഞൂറോളം പുരുഷന്മാരുമാണ് സംഘത്തിലുള്ളതെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

തമിഴ്നാട് കേന്ദ്രമാക്കി സത്രീകളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ‘മനിതി’എന്ന വനിത സംഘടനയുടെ നേതൃത്വത്തിലാണ് തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമുള്ള സ്ത്രീകള്‍ ശബരിമലയിലെത്തുന്നത്.

ശബരിമല പ്രവേശനം നടത്താന്‍ സഹായമാവശ്യപ്പെട്ട് രണ്ട് തവണ മുഖ്യമന്ത്രി പിണറായി വിജയന് ‘മനിതി’ സംഘടന കത്തുകള്‍ അയച്ചെങ്കിലും ഇവക്കൊന്നും മറുപടി ലഭിച്ചില്ലെന്നും ഇവര്‍ പറഞ്ഞു.

ഇതിനു മുമ്പ് ശബരിമലയിലേക്ക് വന്ന യുവതികള്‍ക്ക് വേണ്ടത്ര ദൃഢനിശ്ചയം ഇല്ലാത്തതു കൊണ്ടാകാം അവര്‍ക്ക് അയ്യപ്പ സന്നിധിയിലെത്താന്‍ കഴിയാതിരുന്നതെന്നും കേരള സര്‍ക്കാറിന്റേതുപോലെ ലിംഗസമത്വത്തില്‍ വിശ്വസിക്കുന്ന സര്‍ക്കാര്‍ തങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണം തരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മനിതി കത്തില്‍ വ്യക്തമാക്കുന്നു.

വിശ്വാസികള്‍ പരമ്പരാഗത രീതിയില്‍ കെട്ടുനിറച്ച് ഇരുമുടിക്കെട്ടുമായി മലകയറാനാണ് ഒരുങ്ങുന്നത്. കേരളത്തില്‍ നിന്നും പത്ത് യുവതികള്‍ ഉണ്ടാകും.

Exit mobile version