സാധാരണക്കാര്‍ക്ക് വന്‍ തിരിച്ചടി; ഇന്ധന വിലക്കയറ്റത്തിന് പിന്നാലെ കുതിച്ചുയര്‍ന്ന് നിത്യോപയോഗ സാധനങ്ങളുടെ വിലയും! കുടുംബ ബഡ്ജറ്റ് താളം തെറ്റുന്നു ?

Price Hike | Bignewslive

കുടുംബ ബഡ്ജറ്റിന്റെ താളംതെറ്റിക്കുകയാണ് ഇന്ധന വിലയിലെ കുതിപ്പ്. എന്നാല്‍ ഇപ്പോള്‍ സാധാരണക്കാര്‍ക്ക് തിരിച്ചടിയായി നിത്യോപയോഗ സാധനങ്ങളുടെയും വിലയിലും കുതിക്കുകയാണ്. കഴിഞ്ഞ പതിനഞ്ചു ദിവസത്തിനുള്ളില്‍ ഭക്ഷ്യഎണ്ണകള്‍ മുതല്‍ ഉള്ളിക്കു വരെ ഇരട്ടിയോളമാണ് വില ഉയര്‍ന്നിരിക്കുന്നത്.

പതിനഞ്ചു ദിവസം മുന്‍പ് ഒരു ലിറ്റര്‍ പാമോയിലിന് 80 രൂപയായിരുന്നു വില. എന്നാല്‍ ഇപ്പോള്‍ 150 ആയി ഉയര്‍ന്നിരിക്കുകയാണ്. 70 രൂപയുടെ വര്‍ധനവാണ് ഞൊടിയിടയിലുണ്ടായത്. മൊത്തവ്യാപാര കേന്ദ്രങ്ങളിലെ വിലയാണിത്. അതേസമയം, ചില്ലറക്കച്ചവടക്കാരിലൂടെ സാധാരണക്കാരിലേക്ക് എത്തുമ്പോള്‍ വില ഇനിയും ഉയര്‍ന്നേയ്ക്കും.

170 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണ 230 ആയി. 160 രൂപയുണ്ടായിരുന്ന നല്ലെണ്ണ 230 ആയപ്പോള്‍, 90 രൂപയുണ്ടായിരുന്ന സണ്‍ഫ്‌ളവര്‍ ഓയില്‍ 160 ആയി ഉയര്‍ന്നു. ഭക്ഷ്യ എണ്ണകളില്‍ മാത്രമല്ല, വിലക്കയറ്റം. കിലോക്ക് 70 രൂപയുണ്ടായിരുന്ന ചെറിയ ഉള്ളിയുടെ വില 130 ആയി ഉയര്‍ന്നു. 25 രൂപയുണ്ടായിരുന്ന സവോള ഒറ്റയടിക്ക് 55 ആയി. 190 രൂപയുണ്ടായിരുന്ന തേയിലക്ക് നൂറു രൂപയാണ് കൂടിയത്.

110 രൂപയുണ്ടായിരുന്ന ഉഴുന്നിന് ഇപ്പോള്‍ 140ഉം 90 രൂപയുണ്ടായിരുന്ന പരിപ്പിന് 120 രൂപയും കൊടുക്കണം. 80 രൂപയുടെ വെളുത്തുള്ളി പത്തുദിവസം കൊണ്ടാണ് 140ല്‍ എത്തിയത്. 90 രൂപയുണ്ടായിരുന്ന ഗ്രീന്‍പീസ് 130 ലേക്ക് കുതിച്ചു. വിലക്കയറ്റം തുടര്‍ന്നാല്‍ സാധാരണ ജനങ്ങളുടെ കുടുംബ ബജറ്റിനെ സാരമായി ബാധിക്കുമെന്നതില്‍ സംശയമില്ല.

Exit mobile version