ബില്‍ കുടിശ്ശിക മൂലം വൈദ്യുതി ബന്ധം വിച്ഛേദിച്ചു; പ്രതിഷേധമായി ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഒടുവില്‍ സനല്‍ മരണത്തിന് കീഴടങ്ങി!

തിരുവനന്തപുരം: ബില്‍ കുടിശ്ശികയെ തുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ചതില്‍ പ്രതിഷേധിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരണത്തിന് കീഴടങ്ങി. നെയ്യാറ്റിന്‍കര പെരിങ്കടവിള സ്വദേശി സനല്‍ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. പഞ്ചായത്ത് പ്രസിഡന്റിന്റെ ഇടപെടല്‍ മൂലമാണ് കെഎസ്ഇബി വൈദ്യുത ബന്ധം വിച്ഛേദിച്ചതെന്ന് ആരോപിച്ചാണ് സനല്‍ ചൊവ്വാഴ്ച ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്.

ബില്‍ കുടിശിക ഉണ്ടായിരുന്നതിനാല്‍ സനലിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാന്‍ കെഎസ്ഇബി അധികൃതര്‍ കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ സനല്‍ വീട്ടിലില്ലാതിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ഭാര്യ ഇന്ന് പണം അടയ്ക്കാം എന്നറിയിച്ച് അധികൃതരെ തിരിച്ചയക്കുകയും ചെയ്തു. എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ഇടപെടല്‍ മൂലം കെഎസ്ഇബി അധികൃതര്‍ വീണ്ടും വീട്ടിലെത്തി വൈദ്യുത ബന്ധം വിച്ഛേദിച്ചുവെന്ന് കുടുംബം ആരോപിക്കുന്നു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പെരുങ്കടവിള പഞ്ചായത്തില്‍ യുഡിഎഫ് വിമത സ്ഥാനാര്‍ഥിയായിരുന്നു സനല്‍. നിലവിലെ പഞ്ചായത്ത് പ്രസിഡന്റായ സുരേന്ദ്രന് എതിരായാണ് അദ്ദേഹം മത്സരിച്ചത്. റിബലായി മത്സരിച്ച സാഹചര്യത്തില്‍ വൈരാഗ്യ ബുദ്ധിയോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് പെരുമാറിയതെന്ന് ആരോപിച്ചാണ് സനല്‍ ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. അതേസമയം, സുരേന്ദ്രന്‍ ആരോപണം നിഷേധിക്കുകയും ചെയ്തു.

Exit mobile version