‘ആസ്ത്മ രോഗി’യുടെ ശ്വാസനാളത്തില്‍ നിന്നും പുറത്തെടുത്തത് വിസില്‍: മട്ടന്നൂര്‍ സ്വദേശിനി പതിനഞ്ചാമത്തെ വയസ്സില്‍ വിഴുങ്ങിപ്പോയ വിസിലുമായി കഴിഞ്ഞത് 25 വര്‍ഷം

കണ്ണൂര്‍: പതിനഞ്ചാമത്തെ വയസ്സില്‍ അറിയാതെ വിഴുങ്ങിപ്പോയ വിസില്‍ നാല്‍പ്പതാമത്തെ വയസ്സില്‍ പുറത്തെടുത്തു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിനിയായ നാല്‍പ്പതുകാരിയുടെ ശ്വാസനാളത്തില്‍ 25 വര്‍ഷമായി കുടുങ്ങിക്കിടന്ന വിസിലാണ് ഇപ്പോള്‍ പുറത്തെടുത്തത്.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് ബ്രോങ്കോസ്‌കോപ്പി വഴി വിസില്‍ പുറത്തെടുത്തത്. വര്‍ഷങ്ങളായുള്ള വിട്ടുമാറാത്ത ചുമയുമായി തളിപ്പറമ്പിലെ പള്‍മണോളജിസ്റ്റ് ഡോ: ജാഫറിന്റെ ക്ലിനിക്കില്‍ നിന്നും റഫര്‍ ചെയ്യപ്പെട്ടാണ് രോഗി കണ്ണൂര്‍ ഗവ. മെഡി. കോളേജില്‍ എത്തിയത്. പള്‍മണോളജി വിഭാഗത്തില്‍ എത്തി സിടി സ്‌കാന്‍ പരിശോധന ചെയ്തപ്പോഴാണ് ശ്വാസനാളിയില്‍ എന്തോ വസ്തു കുടുങ്ങിക്കിടപ്പുണ്ടെന്ന സംശയമുദിച്ചത്.

ഉടനെ തന്നെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ പള്‍മണോളജിസ്റ്റ് ഡോ: രാജീവ് റാമിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങിയ സംഘം ശ്വാസനാളത്തില്‍ ട്യൂബ് കടത്തിയുള്ള ബ്രോങ്കോസ്‌കോപ്പിക്ക് രോഗിയെ വിധേയയാക്കി. ഏവരേയും വിസ്മയിപ്പിച്ചു കൊണ്ട് സ്‌കോപ്പി വഴി പുറത്തെത്തിയത് ചെറിയ ഒരു വിസിലായിരുന്നു. രോഗിയോട് വീണ്ടും തിരക്കിയപ്പോഴാണ് പതിനഞ്ചാം വയസ്സിലെ സംഭവം അവര്‍ ഓര്‍ത്തെടുത്തത്.

ആസ്ത്മാ രോഗമായി കരുതപ്പെട്ട് ഇത്രയും കാലം ചികിത്സിച്ച വിട്ടു മാറാത്ത ചുമയും അനുബന്ധ വിഷമങ്ങളും എല്ലാം മാറിയതിന്റെ സന്തോഷത്തിലാണ് അവരിപ്പോള്‍. കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ പള്‍മണോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും നന്ദി പറഞ്ഞു കൊണ്ടാണ് അവര്‍ ആശുപത്രി വിട്ടത്.

Exit mobile version