ഹരീഷിന്റെ ‘മീശ’യ്ക്ക് സാഹിത്യ അക്കാദമി പുരസ്‌കാരം: പിണറായി സര്‍ക്കാരിന് ഹിന്ദുക്കളോടുള്ള കലി അടങ്ങിയിട്ടില്ലെന്ന് കെ സുരേന്ദ്രന്‍; മീശയ്‌ക്കെതിരെ വീണ്ടും ബിജെപി

തിരുവനന്തപുരം: എസ് ഹരീഷിന്റെ നോവല്‍ മീശയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നല്‍കിയതിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ രംഗത്ത്. പുരസ്‌കാരം നല്‍കിയത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

‘പിണറായി വിജയന്‍ സര്‍ക്കാരിന് ഹിന്ദുക്കളോടുള്ള കലി അടങ്ങിയിട്ടില്ല. ഒരു വിഭാഗത്തെ അധിക്ഷേപിക്കാന്‍ എഴുതിയ നോവലാണത്. ശബരിമല വിഷയത്തില്‍ ഹിന്ദുക്കളെ വേട്ടയാടിയ പിണറായി വിജയന്റെ അതേ പ്രതികാര മനോഭാവം തന്നെയാണ് ഈ വിഷയത്തിലും കണ്ടിരിക്കുന്നത്. ഹിന്ദുക്കളെ അപമാനിക്കാന്‍ പിണറായി വിജയന്‍ കരുതിക്കൂട്ടി ചെയ്യുന്ന കാര്യമാണിത്’ -സുരേന്ദ്രന്‍ പറഞ്ഞു.

സാഹിത്യ അക്കാദമി സിപിഎമ്മിന്റെ ഉള്‍പ്പാര്‍ട്ടി സംഘടനയായി മാറിയിരിക്കുകയാണ്. അര്‍ബന്‍ നക്‌സലുകളേയും ദേശവിരുദ്ധരേയും തിരുകി കയറ്റാനുള്ള സ്ഥലമായി അക്കാദമി മാറിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേരള സാഹിത്യ അക്കാദമിയുടെ മികച്ച നോവല്‍ വിഭാഗത്തിലാണ് ഹരീഷിന്റെ മീശ ഇടംപിടിച്ചത്.

2019ലെ സാഹിത്യ അക്കാദമി പുരസ്‌കാരമാണ് ഹരീഷിന്റെ മീശ നോവലിന് ലഭിച്ചത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച നോവല്‍ സംഘപരിവാറിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് വിവാദമായിരുന്നു. നോവലിലെ കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തുന്ന സംഭാഷണം ഹിന്ദുമത വിശ്വാസികളെ അവഹേളിക്കുന്നു എന്നായിരുന്നു പ്രധാന ആരോപണം.

നോവല്‍ വിവാദമായതോടെ ഹരീഷിനെതിരെയും കുടുംബാംഗങ്ങള്‍ക്കെതിരെയും ഭീഷണിയുമായി ചിലര്‍ രംഗത്തെത്തിയിരുന്നു. ഇതോടെ നോവല്‍ മാതൃഭൂമിയില്‍ നിന്ന് പിന്‍വലിക്കുന്നുവെന്ന് ഹരീഷ് അറിയിച്ചു. പിന്നീട് ഡിസി ബുക്‌സ് നോവല്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു.

അതേസമയം, ഇന്ത്യയില്‍ സാഹിത്യരചനകള്‍ക്ക് ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന ജെസിബി സാഹിത്യപുരസ്‌കാരം എസ് ഹരീഷിന്റെ ‘മീശ’ നോവലിനായിരുന്നു. ‘മീശ’ യുടെ ഇംഗ്ലീഷ് പരിഭാഷയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. കോട്ടക്കല്‍ സ്വദേശിനി ജയശ്രീ കളത്തിലാണ് നോവല്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.

Exit mobile version