ഒറ്റ ദിവസം, സമര്‍പ്പിച്ചത് 100 റോഡുകള്‍, ഉദ്ഘാടന ചടങ്ങുകള്‍ നടന്നത് രാവിലെ ഏഴ് മുതല്‍ പാതിരാത്രിവരെയും! ചരിത്രം സൃഷ്ടിച്ച് കോന്നി, അമ്പരപ്പിക്കും ചുരുങ്ങിയ കാലയളവിലെ ജനീഷ് കുമാര്‍ എംഎല്‍എയുടെ പ്രവര്‍ത്തനം, മാതൃക

KU Janeesh Kumar MLA | Bignewslive

കോന്നി: ഒറ്റ ദിവസം കൊണ്ട് നാടിന് സമര്‍പ്പിച്ചത് ഒന്നും രണ്ടും അല്ല, 100 റോഡുകളാണ്. രാവിലെ ഏഴ് മണിക്ക് മുതല്‍ തുടങ്ങിയ ഉദ്ഘാടന ചടങ്ങുകള്‍ പാതിരാത്രിവരെയാണ് നീണ്ടത്. ഈ ചരിത്ര വിജയം പത്തനംതിട്ടയിലെ കോന്നിയിലാണ്. ചരിത്രം സൃഷ്ടിച്ചതാകട്ടെ അഡ്വ. കെയു ജനീഷ് കുമാര്‍ എംഎല്‍എയും. ചുരുങ്ങിയ കാലയളവില്‍ എംഎല്‍എ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും മാതൃക കൂടിയാണ്.

ജനീഷ് കുമാര്‍ എംഎല്‍എ ആയ ശേഷം പണം അനുവദിച്ച് നിര്‍മ്മാണം നടത്തിയ റോഡുകളുടെ ഉദ്ഘാടനമാണ് കഴിഞ്ഞ ദിവസം നടന്നത് .പൂര്‍ത്തീകരിച്ച റോഡുകളുടെ ഉദ്ഘാടനം എംഎല്‍എ തന്നെയാണ് ഇടവേളകളും വിശ്രമവും ഇല്ലാതെ നിര്‍വ്വഹിച്ചത്. കോന്നിയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒറ്റ ദിവസം ഇത്രയും റോഡുകള്‍ ഒന്നിച്ച് ഉദ്ഘാടനം നടത്തിയതെന്നത് ഏറെ ശ്രദ്ധേയമാണ്.

ജനോപകാര പദ്ധതികള്‍ കാലതാമസം കൂടാതെ സമയബന്ധിതമായി യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് എംഎല്‍എ പറയുന്നു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട്, മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ ഫണ്ട്, എന്‍സിഎഫ്ആര്‍ തുടങ്ങിയവ ഉപയോഗിച്ചാണ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ഉദ്ഘാടന ചിത്രങ്ങള്‍ കൃത്യമായ ഇടവേളകളില്‍ എംഎല്‍എ തന്റെ ഔദ്യോഗിക ഫേസ്ബുക്കി പേജിലൂടെ പങ്കിട്ടിട്ടുണ്ട്. ചിറ്റാര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ശ്രീകൃഷ്ണപുരം – കുറുമുട്ടം റോഡ് തുറന്നുകൊടുത്തുകൊണ്ടാണ് റോഡുകളുടെ ഉദ്ഘാടനങ്ങളുടെ തുടക്കം കുറിച്ചത്. നിയോജക മണ്ഡലത്തിലെ 11 പഞ്ചായത്തുകളിലായാണ് 100 റോഡുകള്‍ പൂര്‍ത്തീകരിച്ചത്. സീതത്തോട് പഞ്ചായത്ത് ഏഴാം വാര്‍ഡിലെ കൊച്ചു കോയിക്കല്‍ – കല്ലില്‍ പടി റോഡാണ് നൂറാമതായി ഉദ്ഘാടനം ചെയ്തത്.

കോടികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഉദ്ഘാടനം ചെയ്യപ്പെട്ടതെന്ന് എംഎല്‍എ പറഞ്ഞു. പൊതുമരാമത്ത് റോഡുകള്‍ക്കൊപ്പം പ്രാധാന്യത്തോടെ തന്നെ ഗ്രാമീണ റോഡുകളും നവീകരിക്കുകയാണ്. എല്ലാ റോഡുകളും ഗതാഗത യോഗ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായും എംഎല്‍എ പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളും എംഎല്‍എ യോടൊപ്പം പങ്കെടുത്തു.

Exit mobile version