വേണുഗോപാലന്‍ നായരുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തും; കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് തീകൊളുത്തി ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സമരപന്തളിന് മുന്നില്‍ ഇത്രയും ആളുകള്‍ നോക്കി നില്‍ക്കെ ഒരാള്‍ക്ക് എങ്ങനെ ആത്മഹത്യ ചെയ്യാനായെന്നും അദ്ദേഹം ചോദിച്ചു. ഹര്‍ത്താല്‍ ബിജെപിക്ക് ഒരു ആഘോഷം ആണെന്നും കടകംപള്ളി സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് നടക്കുന്ന ബിജെപിയുടെ സമരത്തിന് മുന്നില്‍ വച്ച് തീകൊളുത്തിയ വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് നാളെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തികഞ്ഞ അയ്യപ്പ വിശ്വാസിയായ വേണുഗോപാലന്‍ നായര്‍ ശബരിമല യുവതി പ്രവേശന വിഷയത്തില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തത് എന്നാണ് ബിജെപി വാദം.

അതേസമയം, വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്തു വന്നിട്ടുണ്ട്. ജീവിതം തുടരാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നത് എന്നായിരുന്നു വേണുഗോപാലന്‍ നായരുടെ മൊഴി. ശബരിമല വിഷയമോ ബിജെപി സമരമോ മരണമൊഴിയില്‍ പരാമര്‍ശിക്കുന്നില്ല. മജിസ്‌ട്രേറ്റും ഡോക്ടറും മൊഴി രേഖപ്പെടുത്തിയിരുന്നു.

Exit mobile version