മൂന്ന് മാസത്തിനിടെ ബിജെപിയുടെ അഞ്ച് ഹര്‍ത്താലുകള്‍! രണ്ടെണ്ണം നുണയില്‍ കുതിര്‍ത്തത്

തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ബിജെപി മൂന്ന് മാസത്തിനിടെ നടത്തുന്ന അഞ്ചാമത്തെ ഹര്‍ത്താലാണ് നാളെ നടക്കാന്‍ പോകുന്നത്. ഹര്‍ത്താല്‍ എന്നത് തന്നെ അങ്ങെയറ്റം ജനവിരുദ്ധമായ ഒന്നായിരുന്നിട്ടും, ഇടക്കിടെ ഹര്‍ത്താല്‍ നടത്തി ബിജെപി ജനങ്ങളെ വെല്ലുവിളിക്കുകയാണ്.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മാത്രം നടത്തുന്ന അഞ്ച് ഹര്‍ത്താലില്‍ 3 ഹര്‍ത്താലും ശബരിമല സീസണിലാണ് നടത്തിയത്. ഈ ഹര്‍ത്താലുകളില്‍ രണ്ടെണ്ണം സംസ്ഥാന വ്യാപകമായാണ് നടത്തിയത്. ബാക്കി രണ്ടെണ്ണം പത്തനംതിട്ടയിലും, ഒന്ന് തിരുവനന്തപുരത്തുമാണ് നടത്തിയത്.

തിരുവനന്തപുരത്ത് അയ്യപ്പഭക്തന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ചാണ് നാളെ ബിജെപി ഹര്‍ത്താല്‍ നടത്തുന്നത്. ‘തികഞ്ഞ അയ്യപ്പ ഭക്തനായിരുന്നു വേണുഗോപാലന്‍ നായര്‍, ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരായിരുന്നു. അയ്യപ്പഭക്തനോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ മനംനൊന്താണ് വേണുഗോപാലന്‍ നായര്‍ മരിച്ചത് എന്നായിരുന്നു ബിജെപി നേതാക്കള്‍ പറഞ്ഞത്’. ഇതില്‍ പ്രതിഷേധിച്ചാണ് ബിജെപി നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അതിനിടെ മരിച്ച വേണുഗോപാലന്‍ നായരുടെ മരണമൊഴിയില്‍ ശബരിമല വിഷയമോ ബിജെപി സമരത്തെക്കുറിച്ചോ സൂചിപ്പിക്കുന്നില്ല. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ആത്മഹത്യ ചെയ്തത് എന്നായിരുന്നു മരണമൊഴി. വര്‍ഷങ്ങളായി കുടുംബ പ്രശ്‌നങ്ങള്‍ ഉള്ള വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്തത് വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കൊണ്ടാണെന്ന് വ്യക്തമാകുമ്പോഴും, വിഷയത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിലൂടെ മരണത്തെ വരെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ആയുധമാക്കാന്‍ ബിജെപി ശ്രമിക്കുകയാണ് എന്ന് കരുതാതിരിക്കാന്‍ വയ്യ.

ബിജെപി ഹര്‍ത്താലുകള്‍;

07-10-2018 ശബരിമല സ്ത്രീപ്രവേശന വിധിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കാത്ത ദേവസ്വം ബോര്‍ഡ് നിലപാടിലും, യുവമോര്‍ച്ച സംഘടിപ്പിച്ച സമരത്തില്‍ പ്രവര്‍ത്തകര്‍ക്ക് പോലീസ് മര്‍ദ്ദനമേറ്റതിലും പ്രതിഷേധിച്ച് പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ നടത്തി

02-11-2018 ശിവദാസന്‍ എന്ന ശബരിമല തീര്‍ത്ഥാടനത്തിന് പോയ ലോട്ടറി വില്‍പ്പനക്കാരന്‍ ളാഹയ്ക്ക് സമീപം മരിച്ച നിലയില്‍ കണ്ടതിലായിരുന്നു ബിജെപി ഹര്‍ത്താല്‍. ഇയാള്‍ പോലീസ് മര്‍ദ്ദനത്തില്‍ കൊല ചെയ്യപ്പെട്ടു എന്നാണ് ബിജെപി ആരോപിച്ചത്. എന്നാല്‍ നിലയ്ക്കലിലെ പോലീസ് നടപടിക്ക് ശേഷമാണ് ശിവദാസന്‍ വീട്ടില്‍ നിന്നും ഇറങ്ങിയത് എന്ന് പിന്നീട് മനസിലായി. പത്തനംതിട്ട ജില്ലയിലായിരുന്ന ഹര്‍ത്താല്‍

17-11-2018 ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക ഹര്‍ത്താല്‍. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

11-12-2018 ശബരിമല പ്രശ്‌നത്തില്‍ സമരം ചെയ്തവരെ പോലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ച് ബിജെപി തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍ നടത്തി.

14-12-2018 സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി നേതാവ് സികെ പത്മനാഭന്‍ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നില്‍ മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും പിന്നീട് മരിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍.

Exit mobile version